സിവില്‍ സര്‍വീസില്‍ വീണ്ടും രാജി ; ജനാതിപത്യം തകര്‍ന്ന നാട്ടില്‍ സര്‍ക്കാരിന്റെ സേവകനായി തുടരുന്നത് അധാര്‍മ്മികത

കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണറായ എസ് ശശികാന്ത് സെന്തിലാണ് പഴ്സണല്‍ മന്ത്രാലയത്തിന് രാജി നല്‍കിയത്. ജനാധിപത്യം അപകടത്തിലാണെന്നും സാധാരണനിലയിലല്ല രാജ്യം ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും ജോലി വിടുന്നതില്‍ ജനങ്ങളോട് മാപ്പുപറയുന്നതായും ശശികാന്ത് സെന്തില്‍ രാജിക്കത്തില്‍ പറയുന്നു.

രാജിവെയ്ക്കാനുളള തീരുമാനം വ്യക്തിപരമാണ്. എന്നാല്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍ മുന്‍പ് കാണാത്തവിധം വീട്ടുവീഴ്ചകള്‍ക്ക് വിധേയമാകുമ്പോള്‍ സര്‍ക്കാരിന്റെ സേവകനായി തുടരുന്നത് അധാര്‍മ്മികതയാണെന്നും അദ്ദേഹം പറയുന്നു.

2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് 40കാരനായ ശശികാന്ത് സെന്തില്‍. 2009 മുതല്‍ 2012 വരെ ബെല്ലാരി അസിസ്റ്റന്റ് കമ്മീഷണറായി ജോലി ചെയ്ത അദ്ദേഹം ഷിവമോഗ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, ചിത്ര ദുര്‍ഗ, റെയ്ച്ചൂര്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍ എന്ന ചുമതലകളും നിര്‍വഹിച്ചിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ മാസമാണ് മലയാളി കൂടിയായ കണ്ണന്‍ ഗോപിനാഥന്‍, രാജ്യത്ത് ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ചത്. എന്നാല്‍ രാജി സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.