മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി ; കളക്ടര്‍ക്കും നഗരസഭയ്ക്കും നോട്ടീസ്
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങി. സുപ്രിം കോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കും മരട് നഗരസഭയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. മരടില്‍ അനധികൃമായി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ഈ മാസം ഇരുപതിനകം പൊളിച്ചുനീക്കണമെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് നടപടികളാരംഭിച്ചത്.
മരടിലെ ഹോളി ഫെയ്ത്ത് അപ്പാര്‍ട്മെന്റ്സ്, കായലോരം അപ്പാര്‍ട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ചേഴ്സ് എന്നിവയാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കേണ്ടത്. എന്നാല്‍ കോടികള്‍ മുടക്കി ഫ്ളാറ്റുകള്‍ വാങ്ങിയവരുടെ ഭാഗം കേള്‍ക്കുവാന്‍ കോടതി തയ്യറാകുന്നില്ല എന്നും ആരോപണം ഉണ്ട്.
അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നുമാണ് കളക്ടര്‍ക്കും നഗരസഭയ്ക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേ സമയം ഒറ്റയ്ക്ക് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനാകില്ലെന്നാണ് മരട് നഗരസഭയുടെ നിലപാട്. ഇത്രയും ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതില്‍ പരിമിതികളുണ്ടെന്നും കളക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മരട് നഗരസഭാ കൗണ്‍സില്‍ ഇന്ന് പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കൊച്ചി മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളും ഈ മാസം ഇരുപതിനകം പൊളിച്ചു നീക്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി അന്ത്യശാസനം നല്‍കിയത്. ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിന് സാവകാശം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.
വിധി നടപ്പാക്കാന്‍ വൈകിയതില്‍ ചീഫ് സെക്രട്ടറി ഈ മാസം ഇരുപത്തിമൂന്നിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു. കഴിഞ്ഞ മെയ് എട്ടിനാണ് മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത് എന്നാല്‍ ഉത്തരവിട്ട് നാല് മാസമാകുമ്പോഴും കോടതി വിധി നടപ്പാക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സ്വമേധയാ കേസ് പരിഗണിച്ച് സുപ്രിം കോടതി അന്ത്യശാസനം നല്‍കിയത്.
പരിസ്ഥിതി ആഘാത പഠനം തുടരുകയാണെന്നും സാവകാശം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന വിധി ഈ മാസം ഇരുപതിനകം നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രിംകോടതി വിധികള്‍ നടപ്പാക്കാന്‍ കേരളം നിരന്തരം വീഴ്ച വരുത്തുന്നുവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിക്കുകയും ചെയ്തു.