ആഹ്ലാദാരവങ്ങളോടെ മലയാളത്തനിമയാര്‍ന്ന കേരള സമാജം വിയന്നയുടെ ഓണാഘോഷം
ഓണക്കാലത്തിന്റെ സാംസ്‌കാരിക പൈതൃകം പുതിയ തലമുറയിലൂടെ തുടര്‍ന്നുകൊണ്ട് ഓസ്ട്രിയയിലെ കലാ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ കേരള സമാജം, സംഘടനയുടെ നാല്പത്തൊന്നാം വാര്‍ഷികവും, ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും, ഓണവും, സെപ്റ്റംബര്‍ ഏഴാം തിയതി വിയന്നയില്‍ ആഘോഷിച്ചു!
കേരള സമാജം പ്രസിഡണ്ട് സാജു സെബാസ്ത്യനും, സംഘടനാ അംഗങ്ങളും ചേര്‍ന്ന് വിശിഷ്ടാതിഥികളെയും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയവരെയും താലപ്പൊലിയോടും വാദ്യമേളങ്ങളോടും കൂടെ സ്വീകരിച്ചു.
ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ മാരായ ആനന്ദ് കുമാര്‍ സോമാനി, സുബാഷ് ഗുപ്ത, ജില്ലാ ഭരണാധികാരി ജോര്‍ജ് പാപ്പായ്, വിയന്ന സെക്രെട്ടറിയേറ്റ് അംഗം പീറ്റര്‍ ഫ്‌ലോറിയാന്‍ ഷുട്ട്‌സ്, രാഷ്ട്രീയ പ്രമുഖരായ അഹമ്മദ് ഹുസജിക്, സഫക് അക്കായ്, മലയാളീ കാത്തലിക് കമ്മ്യൂണിറ്റി അസിസ്റ്റന്റ് വികാരി ഫാദര്‍ വില്‍സണ്‍ മേച്ചേരില്‍ തുടങ്ങിയ വിശിഷ്ട അതിഥികള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.
കലാവിഭാഗം സെക്രട്ടറി സിമി കൈലാത്തിന്റെ നേതൃത്വത്തില്‍ വളരെ ചിട്ടയോടും മനോഹാരിതയോടും കൂടി അരങ്ങേറിയ കലാപരിപാടികള്‍ സദസ്യരുടെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.
സംഗീത ലോകത്ത് ഏറെ പ്രശസ്തരായ ഫാ. വില്‍സണ്‍ മേച്ചേരില്‍, ഫാ. ജാക്‌സണ്‍ സേവ്യര്‍, അഞ്ചു ടോണി തിരുതനത്തില്‍ എന്നിവര്‍ വളരെ ഗംഭീരമായി അരങ്ങിലെത്തിച്ച നാദവിസ്മയ എന്ന സംഗീത വിരുന്ന് ഓണാഘോഷങ്ങളുടെ തിളക്കം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.
യുവ പ്രതിഭകള്‍ നിറഞ്ഞു നിന്ന മനോഹരമായ നൃത്ത നൃത്യങ്ങളും, മറ്റു കലാപരിപാടികളും, രുചികരമായ ഓണ വിഭവങ്ങളും, പശ്ചാത്തലത്തില്‍ അലയടിച്ച ഓണപ്പാട്ടുകളും നാടന്‍ സംഗീതവും, കേരളീയ വേഷവിധാനങ്ങളോടെ തിങ്ങി നിറഞ്ഞ സദസ്സും എല്ലാം ചേര്‍ന്ന് എക്കാലവും ഓര്‍മിക്കപ്പെടുന്ന ഒരു ആഘോഷമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ജനറല്‍ സെക്രട്ടറി സെനിന്‍ ശിശുപാലന്‍ നന്ദി പ്രകാശിപ്പിച്ചു.