ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു
സന്തോഷവും സമൃദ്ധിയും നിറഞ്ഞ നല്ല കാലത്തിന്റെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. വീണ്ടും ഒരു പേമാരിക്കാലത്തെ അതിജീവിച്ച ജനതയാണ് ഇത്തവണത്തെ പൊന്നോണത്തെയും വരവേല്‍ക്കുന്നത്.
ലോകത്തിന്റെ ഏതറ്റത്താണെങ്കിലും മലയാളിക്ക് ഗൃഹാതുരതയാണ് ഓണം. കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ ആഘോഷം. പുതുവസ്ത്രങ്ങളണിഞ്ഞ് കാളനും ഓലനും ഇഞ്ചിക്കറിയും കൂട്ടി ഒന്നിച്ചിരുന്ന് സദ്യയുണ്ണുമ്പോള്‍ വേവലാതികള്‍ പൊയ്‌പോകും. മനസ്സ് ആ പഴയ നല്ല കാലത്തിലേക്ക് മടങ്ങും.
കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്ന കാലമാണെങ്കില്‍പ്പോലും വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. തുമ്പയും മുക്കുറ്റിയും തുമ്പിതുള്ളലുമെല്ലാം നമുക്ക് ചുറ്റിലും നിന്ന് മാഞ്ഞുതുടങ്ങിയെങ്കിലും അതൊന്നും ആഘോഷത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല. നഗരങ്ങളും ഗ്രാമങ്ങളും ഓണഘോഷ തിരക്കില്‍ നിറഞ്ഞു കഴിഞ്ഞു.
പ്രളയം തകര്‍ത്തത് കാരണം കഴിഞ്ഞ വര്‍ഷം മലയാളികള്‍ ഓണാഘോഷത്തില്‍ നിന്നും മാറി നിന്നിരുന്നു. ഇത്തവണയും പ്രളയം ഉണ്ടായി എങ്കിലും ഓണം ഒഴിവാക്കില്ല എന്ന വാശിയിലായിരുന്നു മലയാളികള്‍.