പ്രളയവും മാന്ദ്യവും കടക്കു പുറത്തു ; ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന
എല്ലാ വര്‍ഷവും ഉള്ള റെക്കോര്‍ഡ് ഇത്തവണയും തെറ്റിയില്ല. ഇത്തവണയും ഓണത്തിന് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു മലയാളികള്‍ . ഒരു വശത്ത് സാമ്പത്തികമാന്ദ്യവും പ്രളയവും ചര്‍ച്ചയാവുമ്പോള്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഓണക്കാലത്തു സംസ്ഥാനത്ത് നടന്നിരിക്കുന്നത്.
ഓണക്കാലത്ത്, അതായത് ഈ മാസം 3 മുതല്‍ ഉത്രാടം വരെയുള്ള 8 ദിവസം 487 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഉത്രാടദിനം മാത്രം 90.32 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് വിറ്റത് 88 കോടിയുടെ മദ്യമായിരുന്നു. വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത് ഇരിങ്ങാലക്കുടയാണെന്നും എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്രാട നാളില്‍ മാത്രം ഇവിടെ 1.44 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 1.22 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.
തിരുവോണത്തിന് ബിവ്‌റേജസ് ഔട്ട്ലെറ്റിന് അവധിയായതിനാല്‍ ഉത്രാടത്തിന് വലിയ വില്‍പ്പന നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം പ്രളയത്തിന് ശേഷം മദ്യ വിലയും നികുതിയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ മദ്യപാനികളെ അതൊന്നും ബാധിച്ചില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.