ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി കോടിയേരിയും ചെന്നിത്തലയും

മരട് ഫ്‌ലാറ്റ് വിവാദത്തില്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസും. കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണ് സുപ്രീംകോടതിയുടേതെന്നും, ഫ്‌ലാറ്റിലെ താമസക്കാരുടെ പ്രയാസങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു തുടര്‍ നടപടി സ്വീകരിക്കാന്‍ സിപിഎം മുന്‍കൈ എടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.

നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കണമെന്ന് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെടും. ഫ്‌ലാറ്റ് പൊളിക്കുകയെന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും മറ്റുള്ളവരുടെ തെറ്റിന് ഫ്‌ലാറ്റിലെ താമസക്കാരെ ശിക്ഷിക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

അതുപോലെ മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കുന്നതില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മാനുഷിക പരിഗണനയോടെ അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ സ്വരൂപിച്ചാണ് മിക്കവരും ഫ്ളാറ്റുകള്‍ വാങ്ങിയത്.

ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചവരും അതിന് അനുമതി നല്‍കിയവരും വരുത്തി വച്ച തെറ്റിന് ഫ്ളാറ്റിലെ താമസക്കാരെ ശിക്ഷിക്കുന്നത് ശരിയല്ല. ഫ്ളാറ്റുകള്‍ പൊളിക്കേണ്ടി വരികയാണെങ്കില്‍ തക്കതായ നഷ്ടപരിഹാരം നല്‍കുകയും പുനരധിവസിപ്പിക്കുകയും വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ പൊളിക്കുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് മരട് നഗരസഭ. ഫ്‌ലാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ ഏഴ് വിദഗ്ധ ഏജന്‍സികളുടെ അപേക്ഷ മരട് നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. ആ മാസം 16-ന് കമ്പനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഐഐടി വിദഗ്ധരുടെ മേല്‍നോട്ടത്തിലാവണം ഫ്‌ളാറ്റുകള്‍ പൊളിക്കണ്ടതെന്നാണ് മരട് നഗരസഭയുടെ തീരമാനം. ഏത് ഐഐടിയുടെ നേതൃത്വത്തിലാണ് ഫ്‌ലാറ്റുകള്‍ പൊളിക്കേണ്ടതെന്ന് പിന്നീട് തീരുമാനിക്കും