യുവാക്കളെ കുടുക്കാന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം ; സംഘം കേരളത്തിലും സജീവം

സോഷ്യല്‍ മീഡിയ വഴി പെണ്‍വാണിഭം ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തിലും. വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന സംഘത്തിന്റെ വലയില്‍ നൂറുകണക്കിന് പേര്‍ കുരുങ്ങിയതായി ട്വന്റിഫോര്‍ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ധനനഷ്ടം വന്നാലും മാനഹാനി ഭയന്ന് പരാതി നല്‍കാതെ പിന്മാറുകയാണ് പലരും.

സോഷ്യല്‍ മീഡിയയിലൂടെ യുവാക്കള്‍ക്ക് സന്ദേശമയച്ച് ആകര്‍ഷിക്കുകയാണ് തട്ടിപ്പിന്റെ ആദ്യ പടി. താന്‍ സെക്സ് ബ്രോക്കറാണെന്നും യുവതികളെ ആവശ്യത്തിന് എവിടേയും എത്തിച്ച് തരാമെന്നും പറഞ്ഞാണ് സംഘം യുവാക്കളെ വശീകരിക്കുന്നത് . യുവതികളുടെ ഫോട്ടോ ലഭിക്കാന്‍ അഞ്ചൂറ് രൂപ അക്കൗണ്ടിലിടണം. പണം കിട്ടിയാല്‍ 10 പേരുടെ ചിത്രങ്ങള്‍ അയച്ച് തരും. ഇതില്‍ നിന്ന് താത്പര്യമുളള യുവതികളെ സെലക്ട് ചെയ്തതിന് ശേഷം ഡീല്‍ ഉറപ്പിക്കാന്‍ 5000 രൂപ അക്കൗണ്ടിലേക്ക് ഇടണം. പണം കിട്ടിയാല്‍ പിന്നെ സംഘത്തിന്റെ പൊടിപോലും കാണില്ല.

പണം നഷ്ടമായശേഷം തട്ടിപ്പാണെന്ന് തിരിച്ചറിയുമെങ്കിലും മാനഹാനി ഭയന്ന് ആരും പരാതിപ്പെടില്ലെന്നതാണ് സംഘത്തിന് ആത്മവിശ്വാസം നല്‍കുന്നത്. സംസ്ഥാനത്ത് നിരവധി പേര്‍ ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍പ്പെട്ടതായാണ് വിവരം.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ ധൈര്യപൂര്‍വ്വം വിലസുകയാണ് ഈ കൊളള സംഘം. കൂടാതെ ഫേസ്ബുക്കില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ ഐ ഡി ഉണ്ടാക്കി ചാറ്റ് ചെയ്തു കാശ് തട്ടലും ഇവരുടെ പരിപാടികളില്‍ ഒന്നാണ്. സ്ത്രീകളും സംഘത്തില്‍ അംഗങ്ങളാണ് എന്നാണ് വിവരം.