ഒരു രാജ്യം ഒരു ഭാഷ ; ഹിന്ദി ദേശിയ ഭാഷയാക്കണം എന്ന വാദവുമായി അമിത് ഷാ

ഹിന്ദി ദേശിയ ഭാഷയാക്കണം എന്നും ഹിന്ദി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വേണമെന്നുമുള്ള ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. രാജ്യത്ത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്കേ അതിന് സാധിക്കുവെന്നും മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വര്‍ധിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു.

ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ അമിത് ഷാ ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്കാണെന്നും പറഞ്ഞു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ ഈ പ്രസ്താവന. അദ്ദേഹത്തിന്റെ ട്വീറ്റില്‍ ഒരു രാജ്യം ഒരു ഭാഷ എന്നത് വ്യക്തമായിരുന്നു.

നിരവധി ഭാഷകളുള്ള രാജ്യമാണ് ഇന്ത്യയെന്നും എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യമുണ്ടെന്നും എന്നാലും ലോകത്ത് ഇന്ത്യയുടെതായ ഒരു ഭാഷ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മഹാത്മാ ഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.