മരടിലെ ഫ്‌ലാറ്റുടമകള്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍ ; ഫ്ളാറ്റ് തിങ്കളാഴ്ച്ച പൊളിക്കില്ല

മരടിലെ ഫ്‌ലാറ്റുടമകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. രാവിലെ ഫ്‌ലാറ്റിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉടമകളുമായി വിശദമായ കൂടിക്കാഴ്ച നടത്തി.

ഫ്‌ലാറ്റ് പൊളിച്ചുമാറ്റുന്നതിന് എതിരായി നടക്കുന്ന സമരങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കി.

നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയ തര്‍ക്കം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

രജിസ്‌ട്രേഷന്‍ അടക്കം നടപടികളെല്ലാം പൂര്‍ത്തിയാക്കി ഫ്‌ലാറ്റ് വാങ്ങി താമസിക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കുന്നത് വിചിത്രമായ കാര്യമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഫ്‌ലാറ്റ് ഉടമകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് സുപ്രീംകോടതി വിധി. ഒറ്റക്ക് ഇറങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സിപിഎം ഒപ്പമുണ്ടാകുമെന്നും സമരക്കാരോട് ഉറപ്പ് നല്‍കിയാണ് കോടിയേരി മടങ്ങിയത്.

അതേസമയം മരടിലെ ഫ്ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് നഗരസഭ അറിയിച്ചു. ഫ്ളാറ്റ് പൊളിച്ചു നീക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് താത്പര്യപത്രം ക്ഷണിക്കുകമാത്രമാണ് ചെയ്തതെന്നും, ഇക്കാര്യത്തില്‍ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും മരട് നഗരസഭ സെക്രട്ടറി എം ആരിഫ്ഖാന്‍ പറഞ്ഞു. അതേസമയം ഫ്ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശപ്രകാരം മാത്രമാണ് നഗരസഭ പ്രവര്‍ത്തിക്കുന്നതെന്ന് നഗരസഭ ചെയര്‍ പേഴ്സ്ണും പ്രതികരിച്ചു.

സുപ്രീം കോടതി വിധിയുടെ പശ്ച്ചാത്തലത്തില്‍ പൊളിച്ച്മാറ്റാന്‍ നിര്‍ദേശിച്ച ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ നാളെ വൈകിട്ടോടെ പൂര്‍ണമായി ഒഴിഞ്ഞ് പോകണമെന്നാണ് മരട് നഗര സഭ നിര്‍ദ്ദേശിച്ചിരുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച്ച തന്നെ ഫ്ളാറ്റ് പൊളിക്കല്‍ നടപടികളിലേക്ക് നീങ്ങുമെന്നും നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ ഉടന്‍ ഉണ്ടാകില്ലെന്നും, ചട്ടപ്രകാരമുള്ള കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമെ തുടര്‍ നടപടികളുണ്ടാകു എന്നും മരട് നഗരസഭ സെക്രട്ടറി വ്യക്തമാക്കി.