ഡബ്ലിയു.എം.എഫിന്റെ നേതൃത്വത്തില്‍ ഈജിപ്തിലെ ആദ്യ സംഘടിത ഓണാഘോഷം സെപ്റ്റംബര്‍ 20ന്

കെയ്റോ: നൈലിന്റെ വരദാനമെന്നു അറിയപ്പെടുന്ന ഈജിപ്തില്‍, വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) ആഭിമുഖ്യത്തില്‍ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 20ന് (വെള്ളിയാഴ്ച്ച) സംഘടിപ്പിക്കുന്ന പരിപാടി ഈജിപ്തിലെ തന്നെ ആദ്യ സംഘടിത ഓണാഘോഷം കൂടിയാണ്.

രാജ്യ തലസ്ഥാനമായ കയ്‌റോയിലെ നാസര്‍ സിറ്റിയിലുള്ള സാലി മാള്‍ ഹാളില്‍ സെപ്റ്റംബര്‍ 20ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ഓണാഘോഷ പരിപാടികള്‍. പ്രസ്തുത പരിപാടിയില്‍ ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികള്‍, ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കഴിഞ്ഞ പ്രളയ സമയത്ത് ചുരുങ്ങിയ സമയം കൊണ്ട് ഈജിപ്തിലെ മലയാളികള്‍ ഡബ്ലിയു.എം.എഫിന്റെ നേതൃത്വത്തില്‍ ഒരുമിച്ചുകൂടി നാട്ടില്‍ സഹായം എത്തിക്കുന്നതോടുകൂടിയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഈജിപ്ത് ഘടകം ശ്രദ്ധ നേടുന്നത്.

ഓണപൂക്കളത്തോടെ ആരംഭിക്കുന്ന ആഘോഷത്തില്‍ വിവിധ കലാപരിപാടികളും ഓണക്കളികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഗാനമേളയും ഒരുക്കിയിട്ടുണ്ട്. ആഘോഷ പരിപാടികള്‍ക്ക് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ നല്‍കിയിരിക്കുന്ന നമ്പറില്‍ ബന്ധപെടുക: റജീഷ്: +201061472848, ഷിജോ +201288873402