മരട് ഫ്ളാറ്റ് വിവാദം സര്‍വകക്ഷി യോഗം വിളിച്ചു സംസ്ഥാന സര്‍ക്കാര്‍
മരട് ഫ്‌ലാറ്റ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു. മറ്റന്നാള്‍ വൈകീട്ട് മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഫ്‌ലാറ്റ് ഒഴിയാനായി നഗരസഭ നല്‍കിയ സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് സര്‍ക്കാറിന്റെ ഇടപെടല്‍.
വിവിധ പാര്‍ട്ടികളുടെ അഭിപ്രായം അറിഞ്ഞ് പ്രശ്‌നത്തില്‍ തുടര്‍ നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഫ്‌ലാറ്റിലെ താമസക്കാര്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം.
ഈമാസം 20 നകം ഫ്‌ലാറ്റ് പൊളിക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്‌ലാറ്റുകളിലെ താമസക്കാരോട് അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നായിരുന്നു മരട് നഗരസഭ നോട്ടീസ് നല്‍കിയത്. എന്നാല്‍, ഒഴിയില്ലെന്നാണ് ഫ്‌ലാറ്റ് ഉടമകളുടെ നിലപാട്. ഇതിനിടെ, മരട് ഫ്‌ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് അറിയിച്ചുകൊണ്ട് മരട് നഗരസഭയ്ക്ക് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ കത്ത് നല്‍കി.
ഇതിനിടെ, ഒഴിപ്പിക്കലിനെതിരായി കുടുംബങ്ങള്‍ ഫ്‌ലാറ്റുകള്‍ക്ക് മുന്നില്‍ റിലേ സത്യാഗ്രഹം തുടങ്ങി. കെട്ടിടം നിര്‍മ്മാതാക്കള്‍ കൈയ്യൊഴിഞ്ഞാലും ഫ്‌ലാറ്റുകള്‍ വിട്ടുപോകില്ലെന്ന നിലപാടാണ് ഉടമകള്‍ക്ക്. അതേസമയം, ഫ്‌ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി ഇന്നും രാഷ്ട്രീയ നേതാക്കള്‍ എത്തി. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി അടക്കമുള്ളവരാണ് ഇന്ന് എത്തിയത്.