ഗോദാവരിയില്‍ ബോട്ടുമുങ്ങി മരിച്ചവരുടെ എണ്ണം 11 ആയി, 30ല്‍ അധികം പേരെ കാണ്മാനില്ല
ആന്ധ്രയിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞു മരിച്ച വിനോദസഞ്ചാരികളുടെ എണ്ണം 11 ആയി. മുപ്പതോളം പേരെ കാണാതായി. 25 പേരെ രക്ഷപ്പെടുത്തി.
ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് ഗോദാവരി നദിയില്‍ ബോട്ടപകടം ഉണ്ടായത്. 52 വിനോദസഞ്ചാരികളും 11 ജീവനക്കാരുമാണ് റോയല്‍ വസിഷ്ഠ എന്ന ബോട്ടില്‍ ഉണ്ടായിരുന്നത്. കനത്തമഴയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുഴയില്‍ വെളളത്തിന്റെ ഒഴുക്ക് കൂടുതലായിരുന്നു. വിനോദ സഞ്ചാരകേന്ദ്രമായ പാപികൊണ്ടലൂ ലക്ഷ്യമാക്കി ഗാണ്ഡി പോച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ഇരുപതില്‍ താഴെയാളുകള്‍ മാത്രമേ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുള്ളൂ എന്നാണ് വിവരം. 40 പേരെ മാത്രം കയറ്റാന്‍ ശേഷിയുള്ളതായിരുന്നു സ്വകാര്യ ഏജന്‍സിയുടെ ബോട്ട് എന്ന് പറയപ്പെടുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഡാമുകള്‍ തുറന്നതിനാല്‍ ഗോദാവരി നദി ദിവസങ്ങളായി കരകവിഞ്ഞു ഒഴുകുകയാണ്. ഏറെ നേരത്തേ തിരച്ചിലിനു ഒടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേനക്കൊപ്പം നാവിക സേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
ഹൈദരാബാദ്, കാക്കിനട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം നല്‍കും. ഗോദാവരി നദിയിലെ മുഴുവന്‍ ബോട്ട് സര്‍വ്വീസും നിര്‍ത്തിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്.
നദിയില്‍ ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ടൂറിസം വകുപ്പ് ബോട്ട് സര്‍വീസ് നിര്‍ത്തിയിരുന്നു. എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ ഇത് തുടര്‍ന്നു. സര്‍വ്വീസിന് അനുമതി നല്‍കിയ കാര്യം അന്വേഷിക്കുമെന്ന് ടൂറിസം മന്ത്രി ശ്രീനിവാസ റാവു പറഞ്ഞു.