പി എസ് സി ചോദ്യ പേപ്പര്‍ ചോര്‍ച്ച ; ആരോപണം ഗുരുതരം സര്‍ക്കാരിന് നോട്ടീസ് അയക്കുമെന്ന് ഹൈക്കോടതി

എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെട്ട പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവതരം എന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത് . കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സിബിഐ യ്ക്ക് നോട്ടീസ് അയച്ചു.

അതുപോലെ കേസന്വേഷണം സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടു. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

പിഎസ്സി പരീക്ഷാ ക്രമക്കേട് സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേസ് ഗുരുതരമെന്ന് നിരീക്ഷിച്ച കോടതി ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കേസില്‍ കര്‍ശന നിലപാടാണ് ഉള്ളത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. പരാതിക്കാര്‍ക്ക് ലോക്കസ് സ്റ്റാന്റൈ ഇല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. പൊലീസ് ബറ്റാലിയന്‍ തെരഞ്ഞെടുപ്പിലെ കായിക ക്ഷമത പരീക്ഷയില്‍ പങ്കെടുത്ത് പരാജയപ്പെട്ട മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാര്‍ പ്രതികളായ കേസ് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സി അന്വേഷിച്ചാല്‍ തെളിയില്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്കു നടന്ന പരീക്ഷയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

കുത്ത്‌കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്കാണ്. സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്.

78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്‌പോര്‍ട്‌സ് ക്വോട്ടയിലെ മാര്‍ക്ക് കൂടി കണക്കിലെടുത്തപ്പോള്‍ മാര്‍ക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്‌പോര്‍ട്‌സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് ലഭിച്ചു.

രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റില്‍ പേരുള്‍പ്പെട്ടവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വന്‍ പരീക്ഷാ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതികളെ റാങ്ക് പട്ടികയില്‍ നിന്നും നീക്കിയിരുന്നു.