രാജ്യത്തെമ്പാടും പൗരത്വരജിസ്റ്റര്‍ നടപ്പാക്കുവാന്‍ തയ്യറായി കേന്ദ്ര സര്‍ക്കാര്‍

അസമില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്‍മാരായി അംഗീകരിക്കൂ. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. റാഞ്ചിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം സംഘടിപ്പിച്ച ‘ഹിന്ദുസ്ഥാന്‍ പൂര്‍വോദയ 2019’ എന്ന സ്വകാര്യ പരിപാടിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം.

അര്‍ഹരായ നിരവധിപ്പേര്‍ പട്ടികയില്‍ നിന്ന് പുറത്തായെന്നും ബംഗാളി ഹിന്ദുക്കളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും വ്യാപക പരാതികളുയര്‍ന്നതിനെത്തുടര്‍ന്ന്, അസം ബിജെപി വിഷയത്തില്‍ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ്. ഇതിനിടയിലും ആ പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബിജെപി ഉപേക്ഷിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് അമിത് ഷായുടെ ഈ പ്രഖ്യാപനം.

അനധികൃത കുടിയേറ്റക്കാര്‍ ചിതലുകളെപ്പോലെയാണ്’, അഞ്ചു സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അമിത് ഷാ പറഞ്ഞതാണിത്. ഓരോ വിദേശിയേയും പുറത്താക്കും എന്നും അന്ന് ബിജെപി അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചു. മൂന്നൂറ്റി എഴുപതാം അനുച്ഛേദം, രാമക്ഷേത്രനിര്‍മ്മാണം, ഏകികൃത സിവില്‍ നിയമം എന്നിവയ്‌ക്കൊപ്പം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നത് ബിജെപിയുടെ അടിസ്ഥാനവിഷയമായി മാറി. രണ്ടു കോടി കുടിയേറ്റക്കാര്‍ രാജ്യത്തുണ്ടെന്നായിരുന്നു സര്‍ക്കാര്‍ പാര്‍ലമെന്റിന് നേരത്തെ നല്‍കിയ കണക്ക്.

എന്നാല്‍ അസം പൗരത്വ രജിസ്റ്ററില്‍ ഒഴിവായത് 19 ലക്ഷം. ഇതില്‍ മുസ്ലിംവിഭാഗം മൂന്നു ലക്ഷം മാത്രം. പട്ടികയ്‌ക്കെതിരെ ബിജെപി അസം ഘടകം തന്നെ രംഗത്തുവരികയാണ്. അനധികൃത കുടിയേറ്റക്കാര്‍ പട്ടികയില്‍ കടന്നുകൂടിയെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ആരോപണം.

തെറ്റുകളുടെയും അബദ്ധങ്ങളുടെയും നീണ്ട നിരയാണ് പൗരത്വ റജിസ്റ്ററില്‍. ഹിന്ദുക്കള്‍ ഒഴിവാക്കപ്പെട്ടെന്ന് കാട്ടി പ്രാദേശിക ബിജെപി നേതൃത്വം തന്നെ പ്രതിഷേധമുയര്‍ത്തുകയാണ്. കൈ പൊള്ളിയിരിക്കുകയാണ് ബിജെപി.

അസമില്‍ ബിജെപി അധികാരത്തില്‍ എത്തിയത് കുടിയേറ്റക്കാരോടുള്ള കോണ്‍ഗ്രസ് പ്രീണനം പ്രചരണായുധമാക്കിയാണ്. പട്ടികയില്‍ നിന്ന് പുറത്തായവരില്‍ എഴുപത്തിയഞ്ചു ശതമാനവും ഹിന്ദുക്കളാണെന്നിരിക്കെ പാര്‍ട്ടി വോട്ടു ബാങ്കില്‍ ചോര്‍ച്ചയുണ്ടാകുമോ എന്ന ഭയവും ബിജെപിക്കുണ്ട്. സംസ്ഥാന കോണ്‍ഗ്രസിന് ഇത് തിരിച്ചുവരവിന് പിടിവള്ളിയാകും.

പശ്ചിമബംഗാളിലും ബീഹാറിലും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാണ് ബിജെപി നിലപാട്. എന്നാല്‍ ഈ സംസ്ഥാനങ്ങളിലും ഭൂരിപക്ഷ സമുദായങ്ങള്‍ പുതിയ പശ്ചാത്തലത്തില്‍ കണക്കെടുപ്പിന് അനുകൂലിച്ചേക്കില്ല. വിദേശികളെ കണ്ടെത്താന്‍ അസംമാതൃക രജിസ്റ്റര്‍ രാജ്യത്താകെ വേണമെന്ന വാദത്തിനും അസം തിരിച്ചടിയാണ്.

പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ രജിസ്റ്റര്‍ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമില്‍ ഇന്ത്യന്‍ പൗരന്മാര്‍. 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. അസമില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍.