മോദിയുടെ അമേരിക്കന്‍ യാത്ര : വ്യോമപാത ഉപയോഗിക്കാന്‍ പാക് അനുവാദം തേടി ഇന്ത്യ

പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി പാക്ക് വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാന്റെ അനുവാദം തേടി ഇന്ത്യ. അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്ന 21നാണ് അനുമതി തേടിയിരിക്കുന്നത്. യാത്രാനുമതിക്ക് വേണ്ടി ഔദ്യോഗികമായി ഇന്ത്യ പാകിസ്ഥാനുമായി ആശയവിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രക്ക് നേരത്തെ അനുമതി തേടിയിരുന്നെങ്കിലും പാകിസ്ഥാന്‍ നിഷേധിച്ചിരുന്നു. പാകിസ്ഥാന്റെ തീരുമാനത്തെ അന്ന് ഇന്ത്യ അപലപിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റില്‍ ഫ്രാന്‍സിലേക്ക് പോയപ്പോള്‍ നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാന്റെ അനുവാദം തേടുകയും പാകിസ്ഥാന്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന് മുകളിലൂടെ പറന്നാണ് അന്ന് നരേന്ദ്രമോദി ഫ്രാന്‍സിലെത്തിയത്.

കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങളും അത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന വാദപ്രതിവാദങ്ങളും അവകാശ വാദങ്ങളും എല്ലാം നിലനില്‍ക്കെയാണ് അമേരിക്കന്‍ സന്ദര്‍ശന യാത്രക്ക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി തേടുന്നത് എന്നതും ശ്രദ്ധേയമാണ്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാടുകളെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്ത്യയുടെ വ്യോമ പാത അടച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ കൂടുതല്‍ സമയം എടുത്താണ് പറക്കുന്നത്.