ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും പൊതുവായ ഒരു ഭാഷയെ അംഗീകരിക്കില്ല : രജനീകാന്ത്

ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഹിന്ദി അജണ്ടയില്‍ ആദ്യമായി പ്രതികരിച്ച് തമിഴ് ചലച്ചിത്ര താരം രജനികാന്ത്. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും പൊതുവായ ഒരു ഭാഷയെ അംഗീകരിക്കില്ലെന്നും രജനീകാന്ത്​ വ്യക്തമാക്കി.

പൊതു ഭാഷ രാജ്യത്തെ വികസനത്തിന് ​ഗുണം ചെയ്യുമെന്ന് പറഞ്ഞ രജനികാന്ത് ഇന്ത്യയ്ക്ക്​ അത്തരത്തില്‍ ഏകീകൃതമായ ഭാഷയില്ലെന്നും കേന്ദ്ര സർക്കാരുമായി വളരെയധികം അടുപ്പമുള്ള താരം വ്യക്തമാക്കി. നേരത്തെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കമല്‍ഹാസനും രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നായിരുന്നു കമല്‍ഹാസന്‍റെ മുന്നറിയിപ്പ്.

ഹിന്ദി ദിനാചരണ വേളയിലാണ് ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശിച്ചത്. ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും ഇന്ത്യയെ മുഴുവന്‍ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്കാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.