രാജ്യത്ത് ഇ-സിഗരറ്റ് ഇ-ഹുക്ക എന്നിവയ്ക്ക് നിരോധനം , പിടിക്കപ്പെട്ടാല്‍ 1 വര്‍ഷം തടവ്

ഇന്ത്യയില്‍ ഇ-സിഗരറ്റും ഇ-ഹുക്കയും പൂര്‍ണ്ണമായും നിരോധിച്ചു. ആദ്യമായി പിടിക്കപ്പെടാല്‍ 1 വര്‍ഷം തടവ് ശിക്ഷ ലഭിക്കും. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന തീരുമാനത്തോടൊപ്പം ഇ-സിഗരറ്റ്, ഇ-ഹുക്ക നിര്‍മ്മാണവും, അതിന്റെ കയറ്റുമതി, ഇറക്കുമതിയും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.

ഇ-സിഗരറ്റ് നിരോധിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഇ-സിഗരറ്റ് ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, വാണിജ്യം, വില്‍പന, വിതരണം, സംഭരണം, പരസ്യം എന്നിവയെല്ലാം നിരോധിച്ചിരിക്കുന്നു’, സീതാരാമന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന തീരുമാനം രാജ്യത്ത് പുകയില നിയന്ത്രണ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

നിയമ ലംഘനത്തിന് കടുത്ത ശിക്ഷയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ആദ്യമായി പിടിക്കപ്പെട്ടാല്‍ 1 വര്‍ഷം തടവോ, 1 ലക്ഷം രൂപ പിഴയോ, കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് രണ്ടു ശിക്ഷയും ലഭിക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ 3 വര്‍ഷം തടവോ, 5 ലക്ഷം രൂപ പിഴയോ, ലഭിക്കാം.