ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ്

ഉത്പാദന മേഖലയിലുള്ള പുതിയ കമ്പനികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് മൂലം കൂടുതല്‍ പ്രയോജനം ലഭിക്കുക. ഇന്ന് ഗോവയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്‍പായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണു പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത് വന്നത്.

ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി കുറച്ചതിനൊപ്പം ഉത്പാദന മേഖലയിലുള്ള പുതിയ കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ മുഖ്യ പദ്ധതിയായ ‘മേക് ഇന്‍ ഇന്ത്യ’യെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഇളവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

അതേസമയം, ഇന്ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തെ പ്രതീക്ഷയോടെയാണ് വാഹന നിര്‍മ്മാതാക്കള്‍ ഉറ്റുനോക്കുന്നത്. കനത്ത നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല എന്നാണ് സൂചന. കാര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കുള്ള 28% നികുതി 18% ആക്കണം എന്നാണ് വാഹന നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വാഹന വില്‍പ്പനയില്‍ ഉണ്ടായ മാന്ദ്യം മൂലം രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളെല്ലാം ഉത്പ്പാദനം വെട്ടിക്കുറയ്ക്കുക, നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടുക തുടങ്ങിയ നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.

കഴിഞ്ഞ ബജറ്റില്‍, കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന തീരുമാനം കൈക്കൊണ്ടാതുമാണ് ഈ മാന്ദ്യത്തിനുള്ള പ്രധാന കാരണമെന്നും പറയപ്പെടുന്നു.