പാലായില്‍ കൊട്ടിക്കലാശം ; അഴിമതിയും കിഫ്ബിയും പ്രധാന ആയുധമാക്കി പാര്‍ട്ടികള്‍

പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രചരണ ചൂടില്‍ പാലാരിവട്ടം അഴിമതിയും കിഫ്ബിയും പ്രധാന ആയുധമാക്കി കൊട്ടിക്കലാശത്തിന് ഒരുങ്ങുകയാണ് എല്‍ഡിഎഫും യുഡിഎഫും. ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നതിനിടെയാണ് അഴിമതിയെ ചൊല്ലി ഭരണപ്രതിപക്ഷ നേതാക്കള്‍ വാക്‌പോര് നടത്തുന്നത്.

സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കാന്‍ യോഗ്യത മുഖ്യമന്ത്രിക്കെന്ന് പറഞ്ഞ യുഡിഎഫിന് ബേജാറാണെന്ന് കോടിയേരി പറഞ്ഞു. മര്യാദക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.

പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് വിജിലന്‍സ് കുരുക്ക് മുറുകുന്ന സാഹചര്യത്തില്‍ അത് ആയുധമാക്കിയാണ് മുഖ്യമന്ത്രിയുടെ പാലാ പ്രചാരണം. തെറ്റുകാരെ രക്ഷിക്കുകയെന്ന യുഡിഎഫ് നയമല്ല ഇടത് സര്‍ക്കാരിന്റേതെന്ന് വ്യക്തമാക്കിയാണ് പാലാ പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ പിണറായി വിജയന്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കി പാലാരിവട്ടം അഴിമതി മുഖ്യ വിഷയമാക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗം, ചെകുത്താന്‍ വേദമോതുന്നതുപോലെയാണെന്നും ഉണ്ടയില്ലാ വെടിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പാലാരിവട്ടത്തെ നേരിടാന്‍ കിഫ്ബിയാണ് പ്രതിപക്ഷത്തിന്റെ ആയുധം.

കിഫ്ബിക്ക് കീഴിലെ കെഎസ്ഇബി പദ്ധതികളില്‍ കോടികളുടെ അഴിമതി ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. ലാവ്‌ലിന്‍ കേസ് അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രയോഗിക്കുന്നു. കിഫ്ബി, കിയാല്‍ ഓഡിറ്റില്‍ മുഖ്യമന്ത്രി എന്തിനെയാണ് ഭയക്കുന്നതെന്ന് ചോദിച്ച് കെപിസിസി പ്രസിഡന്റ് മുള്ളപ്പള്ളി രാമചന്ദ്രനും രം?ഗത്തെത്തി.

പാലാരിവട്ടം അഴിമതിക്കേസ് പാലയിലെ വിജയത്തെ ബാധിക്കില്ല. കമ്പനിക്ക് മുന്‍കൂര്‍ ഫണ്ട് അനുവദിച്ചതിനെ കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കുന്നത് വിദൂരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.