അമേരിക്കയില്‍ മോദിയുടെ പരിപാടി നടക്കേണ്ട ഇടത്ത് കനത്ത മഴയും അടിയന്തിരാവസ്ഥയും

അമേരിക്കയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൗഡി മോഡി എന്ന പരിപാടിയുടെ ഭാവി അനിശ്ചിതത്വത്തില്‍. ദിവസങ്ങളായി തുടരുന്ന പ്രദേശത്തെ കനത്ത മഴക്കെടുതിയാണ് മോദിയുടെ എന്ന പരിപാടിയ്ക്ക് ഭീഷണിയായിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ പ്രദേശത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ടെക്‌സാസില്‍ പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ചേര്‍ന്ന് രാജ്യത്തെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യാനാണ് ഹൗഡി മോഡിയിലൂടെ നരേന്ദ്ര മോദി തീരുമാനിച്ചിരുന്നത്. എന്നാല്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും പ്രളയവും മൂലം ആളുകള്‍ പരിപാടിയിലേക്കെത്തുമോ എന്നാണ് സംഘാടകരുടെ വേവലാതി. പ്രദേശത്തെ വൈദ്യുതി നിലച്ചതും അവരെ ആശങ്കയിലാക്കുന്നുണ്ട്.

അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജനങ്ങളോട് വീടിനുള്ളില്‍ത്തന്നെ കഴിയാനും സുരക്ഷാ മുന്‍കരുതലെടുക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി മോഡി’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിടും. 50000 ഇന്ത്യക്കാരെയാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്.


അതേസമയം, അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെങ്കിലും ഹൗഡി മോഡി പരിപാടിക്കുള്ള ഒരുക്കങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ആളുകള്‍ എത്തുമോ എന്ന ആശങ്കയുണ്ടെങ്കിലും ഒരുക്കങ്ങള്‍ നടക്കുകയാണെന്നും ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ അറിയിച്ചു. പ്രതീക്ഷിക്കുന്നതുപോലെ ജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ എത്തിച്ചേരുമെന്നുതന്നെയാണ് കരുതുന്നതെന്ന് സംഘാടകരിലൊരാളായ അച്‌ലേഷ് അമര്‍ പറഞ്ഞു. ‘