കള്ളനോട്ടടിക്കേസില്‍ പിടിയിലായ യുവമോര്‍ച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയില്‍
കള്ളനോട്ടടിക്കേസില്‍ അറസ്റ്റിലായ മുന്‍യുവമോര്‍ച്ചാ നേതാവ് സമാനമായ കേസില്‍ വീണ്ടും പിടിയില്‍. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി സ്വദേശി രാഗേഷ് ഏരാശ്ശേരിയാണ് കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് പൊലീസ് പിടിയിലായത്. ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റിയംഗവുമായിരുന്നു രാഗേഷ് ഏരാശ്ശേരി.
ഇയാള്‍ക്കൊപ്പം മലപ്പുറം ഒതായി സ്വദേശി സുനീര്‍ അലിയും കൊടുവള്ളി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് ഒരുലക്ഷത്തി നാല്‍പതിനായിരം രൂപയാണ് പിടിച്ചെടുത്തത്. ഓമശ്ശേരി ഭാഗത്ത് സ്‌കൂട്ടറില്‍ കള്ളനോട്ട് വിതരണം ചെയ്യാനെത്തിയപ്പോഴാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്.
2017 ജൂണില്‍ മതിലകം എസ് എന്‍ പുരത്തെ രാഗേഷിന്റെയും സഹോദരന്‍ രാജീവിന്റെയും വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രങ്ങളും മഷിയും പേപ്പറുകളും പൊലീസ് പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു. രാഗേഷ് പലിശയ്ക്ക് പണം കൊടുക്കുന്നെന്ന പരാതിയിലാണ് പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്.
അപ്പോഴാണ് വീട്ടില്‍ത്തന്നെയുള്ള നോട്ടടിയന്ത്രങ്ങള്‍ കണ്ടെടുത്തത്. നോട്ട് നിരോധിച്ച ശേഷം പുറത്തിറങ്ങിയ പുതിയ 2000, 500 കറന്‍സികളാണ് പ്രധാനമായും അച്ചടിച്ച് വിതരണം ചെയ്തിരുന്നത്. വീടിന്റെ മുകള്‍ നിലയിലുള്ള മുറിയിലായിരുന്നു അച്ചടി. 50, 20 രൂപയുടെ വ്യാജനോട്ടുകളും അന്ന് പിടിച്ചെടുത്തിരുന്നു.
നോട്ട് അടിക്കാന്‍ കമ്പ്യൂട്ടറും, ലാപ്‌ടോപ്പും, ബോണ്ട് പേപ്പറും, കളര്‍ പേപ്പറും, മഷിയും മുറിയില്‍ സജ്ജീകരിച്ചിരുന്നു. കൊള്ളപ്പലിശ ഈടാക്കുന്ന മുദ്രപ്പത്രങ്ങളും വീട്ടിലുണ്ടായിരുന്നു. എല്ലാ നോട്ടുകളും അന്ന് വിശദമായി പരിശോധിച്ച വ്യാജമാണെന്ന് പൊലീസ് ഉറപ്പു വരുത്തിയിരുന്നു.
റിസര്‍വ് ബാങ്ക് അച്ചടിക്കുന്ന നോട്ടിന്റെ അതേമാതൃകയില്‍ കമ്പ്യൂട്ടറില്‍ കറന്‍സി തയ്യാറാക്കി, കറന്‍സി പേപ്പറിന് സമാനമായ രീതിയിലും കട്ടിയിലുമുള്ള പേപ്പര്‍ വാങ്ങി പ്രിന്റെടുത്ത് മുറിച്ചാണ് ഇയാള്‍ വിതരണം നടത്തിയിരുന്നത്. പെട്രോള്‍ പമ്പിലും ബാങ്കിലുമാണ് പ്രധാനമായും നോട്ടുകള്‍ മാറിയെടുത്തിരുന്നത്. പാര്‍ട്ടിക്ക് ഏറെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.