മമ്മൂട്ടി ഫാന്‍സ് ഒരുക്കിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി
അബുദബി: യു. എ. ഇ. ചാപ്റ്റര്‍ മമ്മൂട്ടി ഫാന്‍സ് ഇന്റര്‍ നാഷണല്‍ അബുദാബി യൂണിറ്റ് എല്‍. എല്‍. എച്ച്. ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഇരുനൂറോളം പേര്‍ സൗജന്യ ചികില്‍സാ സഹായം തേടി.
പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തുവാനുള്ള പരിശോധനകള്‍ നടത്തുകയും ചെയ്തു. വി. പി. എസ്. ഗ്രൂപ്പിലെ ഹൃദ്രോഗ വിദഗ്ദന്‍ ഡോ. ജോസഫ് കുര്യന്‍, ഡോ. തോമസ് സെബാസ്റ്റ്യന്‍, ഡോ. ഷബീര്‍ അബു, ഡോ. ഹുമൈറ, ഡോ. അസ്മ ഫരീദ് എന്നിവര്‍ പരിശോധനകള്‍ക്കു നേതൃത്വം നല്‍കി.
‘പ്രവാസികളില്‍ വര്‍ദ്ധിച്ചു വരുന്ന ഹൃദയാഘാതത്തില്‍ നിന്നും എങ്ങിനെ മുക്തി നേടാം’ എന്ന വിഷയത്തില്‍ ഡോ. ജോസഫ് കുര്യന്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസ്സ് ഏറെ ഉപകാരപ്രദമായിരുന്നു. മമ്മൂട്ടി ഫാന്‍സ് ഇന്റര്‍ നാഷണല്‍ യു.എ.ഇ. ചാപ്റ്റര്‍ മുഖ്യ രക്ഷാധികാരി സഫീദ് കുമ്മനം, അബുദാബി യൂണിറ്റ് പ്രസിഡണ്ട് ഷിഹാബ് ഒറ്റപ്പാലം, സെക്രട്ടറി ഉനൈസ്, രക്ഷാധികാരി ഷിഹാബ് തൃശൂര്‍, മീഡിയ വിഭാഗം ഫിറോസ് ഷാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എല്‍. എല്‍. എച്ച്. ഹോസ്പിറ്റലിന് വേണ്ടിയുള്ള ഉപഹാരം കോഡിനേറ്റര്‍ സലീം നാട്ടികയുടെ സാന്നിദ്ധ്യത്തില്‍ ഡോ. ജോസഫ് ഏറ്റു വാങ്ങി.
Report: P. M. Abdul Rahiman