പ്രണയം വെളിപ്പെടുത്താന്‍ വെള്ളത്തിനടിയില്‍ സാഹസം ; കാമുകന്‍ മുങ്ങി മരിച്ചു

ടാന്‍സാനിയയിലെ പെന്പാ ദ്വീപിലെ മന്ത റിസോര്‍ട്ടില്‍ സ്റ്റീവന്‍ വെബര്‍ എന്ന യുവാവ് ആണ് പ്രണയം വെളുപ്പെടുത്തുവാന്‍ വ്യത്യസ്ത വഴി തേടി മുങ്ങി മരിച്ചത്.

കൂട്ടുകാരി കെനീഷ്യാ ആന്റോണ്യോയോടൊപ്പം അണ്ടര്‍ വാട്ടര്‍ റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കാനാണു ബെബര്‍ ടാന്‍സാനിയയില്‍ എത്തിയത്. സമുദ്രത്തോട് അതിരിടുന്ന തടികൊണ്ട് നിര്‍മിച്ച മുറിയിലായിരുന്നു ഇവരുടെ താമസം. വ്യാഴാഴ്ച മുറിക്ക് പുറത്ത് വെള്ളത്തിലേക്ക് നീന്തിയിറങ്ങിയ വെബര്‍ പേപ്പറില്‍ എഴുതിയ കുറിപ്പിലൂടെ തന്റെ പ്രണയം കെനീഷ്യയെ അറിയിച്ചു.

റിസോര്‍ട്ടിലെ മുറിയിലിരുന്ന കൂട്ടുകാരിക്ക് ചില്ലുഗ്ലാസിലൂടെ ഇത് കാണാന്‍ കഴിയുമായിരുന്നു. വെബറിന്റെ വെള്ളത്തിലെ പ്രണയാഭ്യര്‍ഥന കെനീഷ്യാ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. കഴിഞ്ഞ ദിവസം കെനീഷ്യാ ഈ ഫോട്ടോയും വീഡിയോയും തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെബറിന്റെ മരണം സ്ഥിരീകരിച്ച് മന്ത റിസോര്‍ട്ട് വാര്‍ത്താക്കുറിപ്പിറക്കിയത്.

വെള്ളത്തിനടിയല്‍ വെബറിന് അപകടം പറ്റിയെന്നും തങ്ങള്‍ എത്തുമ്പോഴേക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായിരുന്നെന്നും റിസോര്‍ട്ട് അധികൃതര്‍ ശനിയാഴ്ച പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഓക്‌സിജന്‍ സിലണ്ടറും ലൈഫ് ജാക്കറ്റുമൊന്നുമില്ലാതെയായിരുന്നു വെബര്‍ പ്രണയാഭ്യര്‍ത്ഥന നടത്താന്‍ വെള്ളത്തിലിറങ്ങിയത്.