വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികളുടെ പേരില്‍ ചര്‍ച്ച നടന്നിട്ടില്ല എന്ന് ബി ജെ പി

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ഇതുവരെയും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് വിജയ സാധ്യത നോക്കി തന്നെയായിരിക്കുമെന്നും ആരാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിക്കാനില്ലെന്ന് കുമ്മനം രാജശേഖരന്‍ അറിയിച്ചെങ്കിലും കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഗ്രഹം. ദേശീയ നേതൃത്വത്തോട് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെടാനിരിക്കവേയാണ് മത്സരിക്കാനില്ലെന്ന് കുമ്മനം തന്നെ വ്യക്തമാക്കിയത്.

എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന് മികച്ച സാധ്യതയെന്നാണ് ഒ രാജഗോപാല്‍ പറയുന്നത്. സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള അഭിപ്രായം പാര്‍ട്ടിയില്‍ അറിയിക്കുമെന്നും പാര്‍ട്ടി വിജയ സാധ്യത നോക്കി സ്ഥാനര്‍ത്ഥിയെ തീരുമാനിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു. അതിനിടെയാണ് ആരുടെയും സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുമ്മനം മത്സരിക്കില്ലെന്ന കാര്യം തനിക്ക് അറിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കുമ്മനത്തിന് മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്.

ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോ?ഗത്തില്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്നത് സംബന്ധിച്ച് തീരുമാനുണ്ടായിരുന്നു. ഓരോ മണ്ഡലം സമിതി ഭാരവാഹിയോടും നേരിട്ടു ചോദിച്ചായിരുന്നു ജില്ലാ കമ്മിറ്റി അഭിപ്രായം തേടിയത്. കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഉറപ്പിച്ചാല്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ എസ് സുരേഷ്, സംസ്ഥാന നിര്‍വാഹക സമിതിയംഗം വി വി രാജേഷ് എന്നിവര്‍ക്കായിരിക്കും സാധ്യത കൂടുതല്‍.