മലയാളത്തിലെ ആദ്യ സെക്‌സ് ആന്തോളജി മൂവി ഒരുങ്ങുന്നു
ആന്തോളജി മൂവി വിഭാഗത്തില്‍ മലയാളികള്‍ ഇതുവരെ കടന്നു ചെല്ലാത്ത പ്രമേയവുമായി ഒരു സിനിമ. ബി എന്‍ ഷജീര്‍ ഷായാണ് ‘ദ്രിബിഡ ത്രഭോഗികള്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ലൈംഗികത മുഖ്യ വിഷയമാക്കി രാജ്യത്തെ പല ഭാഷകളിലും സിനിമകള്‍ ഇപ്പോള്‍ ധാരാളമായി ഇറങ്ങുന്നുണ്ട് എങ്കിലും മലയാള സിനിമ ഇപ്പോള്‍ ഇതിനെതിരെ മുഖം തിരിച്ചു നില്‍ക്കുകയാണ്.
രഹസ്യമായി ഇവ ആസ്വദിക്കുകയും പരസ്യമായി പുഛിക്കുകയും ചെയ്യുന്ന മലയാളികളുടെ കപട സദാചാര ബോധത്തെയാണ് സിനിമയിലൂടെ വരച്ചു കാട്ടുവാന്‍ ശ്രമിക്കുന്നത് എന്ന് സംവിധായകന്‍ പറയുന്നു. അതേസമയം ലൈംഗികതയ്ക്ക് വേണ്ടി മാത്രം തിരുകി കയറ്റുന്ന കഥാ സന്ദര്‍ഭങ്ങള്‍ അല്ല സിനിമയില്‍ ഉള്ളത് എന്നും സാധാരണ മനുഷ്യര്‍ അറിയുന്നതും അനുഭവിക്കുന്നതുമായ ജീവിത സന്ദര്‍ഭങ്ങള്‍ ആണ് സിനിമ ചര്‍ച്ച ചെയ്യുന്നത് എന്നും സംവിധായകന്‍ പറയുന്നു.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ് , ഹിന്ദി എന്നീ ഭാഷകളും സിനിമ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ പേര് ഇപ്പോള്‍ തന്നെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. കേരളാ കഫേ , അഞ്ചു സുന്ദരികള്‍ , ക്രോസ് റോഡ്, നാല് പെണ്ണുങ്ങള്‍ , സോളോ എന്നിങ്ങനെ മലയാളത്തില്‍ അടുത്തകാലത്തായി ധാരാളം ആന്തോളജി മൂവികള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയൊന്നും ചര്‍ച്ച ചെയ്യാത്ത മേഖലയാണ് ‘ദ്രിബിഡ ത്രഭോഗികള്‍’ പറയുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
മികച്ച നടനുള്ള അവാര്‍ഡ് നേടിയ ശേഷം ഇന്ദ്രന്‍സ് മുഖ്യ വേഷത്തില്‍ അഭിനയിച്ച ഗ്രാമവാസീസ് ആണ് ഷജീര്‍ ഷാ സംവിധാനം ചെയ്തു അവസാനമായി റിലീസ് ആയ ചിത്രം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ഗാര്‍ഹിക പീഢനങ്ങളുടെ കഥ പറയുന്ന പതിമൂന്ന് എന്ന തന്റെ പുതിയ ചിത്രത്തിന്റെ എഡിറ്റിങ് വര്‍ക്കുകളിലാണ് സംവിധായകന്‍ ഇപ്പോള്‍. പതിമൂന്നിന് ശേഷം ‘ദ്രിബിഡ ത്രഭോഗികളുടെ ജോലികള്‍ ആരംഭിക്കുമെന്നും ഏഴു കഥകള്‍ക്കും ഏഴു ക്യാമറാമാന്‍ ഏഴു സംഗീത സംവിധായകര്‍ എന്നിങ്ങനെ പരീക്ഷിക്കാനാണ് ഉദ്ദേശം എന്നും സംവിധായകന്‍ പറയുന്നു.