ഹരിയാന തിരഞ്ഞെടുപ്പ് ; ബിജെപി എംപിമാരുടെ ബന്ധുക്കള്‍ക്ക് സീറ്റില്ല
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപി എംപിമാരുടെ ബന്ധുക്കള്‍ക്ക് ഇത്തവണ ടിക്കറ്റ് ലഭിക്കില്ല. ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൂടാതെ, പഞ്ചാബില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലി ദളിന് 2 സീറ്റ് നല്‍കാനും തീരുമാനമായതായാണ് സൂചന. ആകെയുള്ള 90 സീറ്റില്‍ 2 സീറ്റൊഴികെ ബാക്കി 88 സീറ്റില്‍ ബിജെപി മത്സരിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക 2-3 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും, ചര്‍ച്ച ഏകദേശം അന്തിമ ഘട്ടത്തിലാണെന്നും ഹരിയാന ബിജെപി അദ്ധ്യക്ഷന്‍ സുഭാഷ് ബരാല പറഞ്ഞു.
ഹരിയാനയിലെ ആകെയുള്ള 90 സീറ്റുകളില്‍ 47 സീറ്റുകളാണ് ബിജെപിക്കുള്ളത്. മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേത്രുത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഹരിയാനയില്‍ അധികാരത്തിലുള്ളത്.
ഹരിയാന നിയമസഭയുടെ കാലാവധി നവംബറില്‍ അവസാനിക്കും. 2014 ഒക്ടോബറിലാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ 21നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 23ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4 ആണ്.