മരട് ; നിലപാടിലുറച്ച് സുപ്രീംകോടതി ; പോംവഴിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍
മരട് ഫ്‌ലാറ്റ് വിഷയത്തില്‍ സുപ്രീംകോടതി കര്‍ക്കശമായ നിലപാട് എടുത്തതോടെ മറ്റു പോംവഴിയില്ലാതെ കുഴങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. മരട് വിഷയത്തില്‍ ചീഫ് സെക്രട്ടറിയെ ശാസിച്ച സുപ്രീംകോടതി ഏത് ഉദ്യോഗസ്ഥന്‍ ഈ വിഷയത്തില്‍ ഉത്തരവദിത്വം ഏറ്റെടുക്കുമെന്നും ചോദിച്ചു. കൂടാതെ മുഴുവന്‍ ചട്ട ലംഘനവും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാരിന് കൃത്യമായ പദ്ധതിയില്ല. മരടില്‍ നിയമലംഘനം നടത്തി ഫ്‌ലാറ്റുകള്‍ പണിത നിര്‍മ്മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുത്തതെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
കേരളത്തില്‍ എത്ര തീരദ്ദേശ നിയമലംഘനങ്ങള്‍ നടന്നുവെന്നും നിയമം ലംഘിച്ചവര്‍ക്കെതിരെ എന്ത് നടപടി എടുത്തു എന്നുംകൂടി സര്‍ക്കാര്‍ അറിയിക്കണം. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയുള്ള സത്യവാങ്മൂലം വെള്ളിയാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.
അതേസമയം, മരട് കേസുമായി ബന്ധപ്പെട്ട് ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനെ സുപ്രീംകോടതി രൂക്ഷവിമര്‍ശിച്ചു. നിയമലംഘനത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണോ? എന്താണീ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തി.
ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥ അംഗീകരിക്കാനാവില്ല എന്ന് ആവര്‍ത്തിച്ച കോടതി, കടുത്ത നിലപാടാണ് മരട് വിഷയത്തില്‍ കൈകൊണ്ടിരിക്കുന്നത്.