പാലാരിവട്ടം മേല്‍പ്പാലം ; വിജിലന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് ഇബ്രാഹിം കുഞ്ഞ്
പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച ഗൂഢാലോചനയില്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തന്നെക്കുറിച്ച് ആകില്ലെന്ന് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് . വിജിലന്‍സിന്റെ നീക്കത്തില്‍ ആശങ്കയില്ലെന്നും ചേദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ വീണ്ടും ഹാജരാകുമെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി.
പാലാരിവട്ടം പാലം കേസില്‍ അന്വേഷണവുമായി സഹകരിക്കും. അഴിമതിയില്‍ പങ്കുള്ളവരുടെ പേര് കരാറുകാന് അറിയാമെങ്കില്‍ പറയട്ടെ എന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കരാറുകാരന്‍ സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് വിജിലന്‍സ് ചൂണ്ടിക്കാണിച്ചിരിക്കുന്ന്.
സുമിത് ഗോയലിന് അഴിമതിയില്‍ പങ്കുള്ള നേതാക്കള്‍ ആരോക്കെയാണെന്ന് അറിയാം. കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകരുടെ പേര് വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുന്നതായും ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറഞ്ഞിരുന്നു.
പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതായി സംശയിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലന്‍സിന്റെ പക്കലുണ്ട്. ഇവയില്‍ അന്വേഷണം നടത്തിവരികയാണെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം, വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്തയാഴ്ച ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി അന്വേഷണ സംഘം പ്രത്യേക ചോദ്യാവലിയും തയ്യാറാക്കുന്നുണ്ട്. റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, വികെ ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. പാലം അഴിമതിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വൈരുധ്യങ്ങള്‍ നിറഞ്ഞ മറുപടിയായിരുന്നു കഴിഞ്ഞദിവസം ഇബ്രാഹിം കുഞ്ഞ് നല്‍കിയത്.