ഓസ്ട്രിയയില്‍ ഓണസദ്യയും ഓണാഘോഷവുമൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍
വിയന്ന: ആഗോള മലയാളി സംഘടനയായ ഡബ്ലിയു.എം.എഫിന്റെ ഓസ്ട്രിയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു.
ഓസ്ട്രിയയിലെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സമ്മേളനത്തില്‍ കേരളത്തിലെ ബിസിനസ്, ടൈഗര്‍ കണ്‍സേര്‍വഷന്‍ ഗ്രൂപ്പിന്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു. വാദ്യമേളത്തിന്റെയും, താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടുകൂടിയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചത്.
ഡബ്ലിയു.എം.എഫ് ഓസ്ട്രിയയുടെ പ്രസിഡന്റ് ടോമിച്ചന്‍ പാരുകണ്ണില്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ എയര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ അനില്‍കുമാര്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റ് അംഗം ഡോ. ഹെറാള്‍ഡ് ട്രോഹ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഓണ സന്ദേശം നല്‍കിയ സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ ഇതിനോടകം 121 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ച ഡബ്ലിയു.എം.എഫ് ആഗോള സംഘടനയുടെ 34 മാസത്തെ പ്രയാണത്തെപ്പറ്റിയും, 2020 ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ കണ്‍വെന്‍ഷനെക്കുറിച്ചും സംസാരിച്ചു.
മറ്റു സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന വിദേശ മലയാളികള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം ഏറെ പ്രസക്തമാണെന്ന് ആശംസാ പ്രസംഗം നടത്തിയ വര്‍ഗീസ് പഞ്ഞിക്കാരന്‍ അഭിപ്രായപ്പെട്ടു. സംഘടനയിലെ വനിതകള്‍ അവതരിപ്പിച്ച തിരുവാതിര ഏറെ ശ്രദ്ധേയമായി. വിയന്ന കൊച്ചി എയര്‍ ടിക്കറ്റ് ഉള്‍പ്പെടയുള്ള നിരവധി സമ്മാനങ്ങളുമായി നടത്തിയ തമ്പോലയും ശ്രദ്ധ നേടി.
ഓണാഘോഷം മികവുറ്റതാക്കാന്‍ നേതൃത്വം നല്‍കിയവര്‍ക്കും, പങ്കെടുത്തവര്‍ക്കും, കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും സെക്രട്ടറി റെജി മേലഴകത്ത് നന്ദിപറഞ്ഞു. ഗ്രെഷ്മ പള്ളിക്കുന്നേലും, റ്റില്‍സി പടിഞ്ഞാറേകാലയിലും അവതാരകരായിരുന്നു. സെപ്റ്റംബര്‍ 22ന് വിയന്നയില്‍ നിര്യാതയായ പ്രിയ നെല്‍സണ് ഡബ്ലിയു.എം.എഫ് ഓസ്ട്രിയ ആദരാഞ്ജലി അര്‍പ്പിച്ചു.