പാലാരിവട്ടം മേല്‍ പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

വിവാദമായ പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. പാലം അടുത്ത മാസം 10 വരെ പൊളിക്കരുതെന്നാണ് നിര്‍ദേശം. അന്വേഷണത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.

പെരുമ്പാവൂര്‍ സ്വദേശി വര്‍ഗീസ് ചെറിയാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വ്യക്തമായ പരിശോധന നടത്താതെയാണ് പാലം പൊളിക്കാന്‍ തീരുമാനമെടുത്തതെന്നും ഇതിനായി സര്‍ക്കാര്‍ പരിഗണിച്ച റിപ്പോര്‍ട്ടുകള്‍ അപര്യാപ്തമാണെന്നുമുള്ള ഹര്‍ജിയിലെ ആക്ഷേപം കണക്കിലെടുത്താണ് നടപടി. വിഷയത്തില്‍ ഒക്ടോബര്‍ 10നകം വിശദീകരണം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

അതേസമയം അഴിമതിക്കേസില്‍ അന്വേഷണത്തെ തടസപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാനും കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. പാലത്തിന്റെ ഗുണനിലവാരം അറിയാന്‍ ലാബ് റിപ്പോര്‍ട്ട് പരിശോധിക്കേണ്ടതുണ്ടെന്നും അനുബന്ധ രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാനും കോടതി പറഞ്ഞു.

ഇതിനിടെ കേസില്‍ ടി ഒ സൂരജിനെ ചോദ്യം ചെയ്യാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കി. നാളെ രാവിലെ 10 മുതല്‍ 1 മണി വരെ മൂവാറ്റുപുഴ സബ് ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി.