കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായി വീണ്ടും ട്രംപ് ; വേണ്ടന്ന് ഇന്ത്യ

കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ കശ്മീരില്‍ ഒരു മൂന്നാം കക്ഷി ഇടപെടേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ”നാളെ വരെ കാത്തിരിക്കൂ” എന്നാണ് വിദേശകാര്യ മന്ത്രാലയം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മോദിയും ട്രംപുമായുള്ള കൂടിക്കാഴ്ച വരെ കാത്തിരിക്കൂ എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ട്രംപുമായുള്ള കൂടിക്കാഴ്ചയിലും ഇന്ത്യ ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യത.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് നടത്തിയ സംയുക്തപ്രസ്താവനയില്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെടുന്നെങ്കില്‍ അതിന് ”തയ്യാറാണ്, അതിന് തനിക്ക് കഴിയും”, എന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

”എനിക്കീ വിഷയത്തില്‍ (കശ്മീര്‍) സഹായിക്കാനാകുമെങ്കില്‍ ഞാനത് ചെയ്യും. രണ്ട് കക്ഷികളും (ഇന്ത്യയും പാകിസ്ഥാനും) ആവശ്യപ്പെടുന്നെങ്കില്‍, ഞാനതിന് തയ്യാറാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. അതേപോലെ, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും എനിക്ക് നല്ല ബന്ധമുണ്ട്. തീര്‍ച്ചയായും നല്ല മധ്യസ്ഥനാകും ഞാന്‍. മധ്യസ്ഥ ചര്‍ച്ചയില്‍ ഞാന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല”, എന്ന് ട്രംപ് വ്യക്തമാക്കി.

ഇത് മൂന്നാം തവണയാണ് മധ്യസ്ഥവാഗ്ദാനം ട്രംപ് ആവര്‍ത്തിക്കുന്നത്. ഇതിന് മുമ്പ് രണ്ട് തവണ ട്രംപ് നടത്തിയ വാഗ്ദാനങ്ങളും ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.