പാലാരിവട്ടം പാലം ; വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ടി ഒ സൂരജിന്റെ ആരോപണങ്ങള്‍ തെറ്റെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ടി ഒ സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് വിജിലന്‍സ്. ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണ് കരാറുകാര്‍ക്ക് മുന്‍കൂട്ടി പണം നല്‍കിയതെന്ന ടി ഒ സൂരജിന്റെ ആരോപണമാണ് വിജിലന്‍സ് തള്ളിയത്. നിര്‍മാണ കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ നല്‍കിയത് ഇബ്രാഹിം കുഞ്ഞിന്റെ തീരുമാന പ്രകാരമാണെന്ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു.

ഈ വാദം തെറ്റാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പലിശയില്ലാതെ മുന്‍കൂര്‍ പണം നല്‍കണമെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞതായുള്ള സൂരജിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. പലിശ വാങ്ങാനോ വാങ്ങാതിരിക്കാനോ ഇബ്രാഹിം കുഞ്ഞ് നിര്‍ദേശിച്ചിട്ടില്ല.

പലിശ എത്രയെന്ന് തീരുമാനിച്ചത് ടി ഒ സൂരജ് തനിച്ചാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ 11 മുതല്‍ 14 ശതമാനം വരെ പലിശ നിരക്കില്‍ പണമെടുക്കുന്ന ഘട്ടത്തിലാണ് നിര്‍മാണ കമ്പനിക്ക് ഏഴ് ശതമാനം മാത്രം പലിശ നിരക്കില്‍ പണം നല്‍കാന്‍ സൂരജ് തീരുമാനിക്കുന്നതെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, ഇബ്രാഹിം കുഞ്ഞിന് ഏറെ ആശ്വാസം പകരുന്നതാണ് വിജിലന്‍സിന്റെ സത്യവാങ്മൂലം. എന്നാല്‍ പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ മറ്റ് ഇടപെടലുകള്‍ സൂക്ഷമമായി പരിശോധിച്ചുവരികയാണെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.