മലേഷ്യയിലേക്ക് മനുഷ്യക്കടത്ത് ; മലേഷ്യയില്‍ പത്തോളം മലയാളികള്‍ കുടുങ്ങികിടക്കുന്നു

വ്യാജ ജോലി വാഗ്ദാനങ്ങളില്‍ കുടുങ്ങി പത്തിലധികം മലയാളികള്‍ മലേഷ്യയില്‍ കുടുങ്ങിക്കിടക്കുന്നു എന്ന് റിപ്പോര്‍ട്ട്. മലേഷ്യയിലെത്തിച്ച ശേഷം തങ്ങളെ മറ്റൊരു ഏജന്റിന് വിറ്റെന്നും ശമ്പളം പോലും തരാതെ പാസ്പോര്‍ട്ട് അടക്കം തടഞ്ഞ് വെച്ചിരിക്കുകയാണെന്നും തട്ടിപ്പിനിരയായവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പലരേയും കേരളത്തില്‍ നിന്ന് ഏജന്റുമാര്‍ മലേഷ്യയിലേക്ക് കടത്തിയത് വന്‍ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ്.

ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ മിക്കവരും മലേഷ്യയിലെത്താന്‍ നല്‍കി. അവിടെ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യമായത്. അപ്പോഴേക്കും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഏജന്റുമാര്‍ കൈവശപ്പെടുത്തിയിരുന്നു. കോയമ്പത്തൂര്‍, കോഴിക്കോട് സ്വദേശികളായ ഏജന്റുമാരെ വിളിച്ചപ്പോള്‍ സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണിയാണ് ഉണ്ടായതെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.

ഗത്യന്തരമില്ലാതെ ഏജന്റുമാര്‍ പറഞ്ഞ കമ്പനികളില്‍ ജോലിയെടുക്കേണ്ടി വന്ന മലയാളികള്‍ ശമ്പളം ആവശ്യപ്പെട്ടപ്പോഴാണ് തങ്ങളെ മറ്റൊരു ഏജന്റിന് വിറ്റെന്ന വിവരം ഇവരറിയുന്നത്. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട തിരുവനന്തപുരം സ്വദേശിയായ സജീവ് കുമാര്‍, ഡിജിപിക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.