പൊളിക്കല്‍ തുടരും ; മരടിന്റെ വഴിയെ ‘കാപ്പികോ’യും ; ഉത്തരവ് വന്ന് 6 വര്‍ഷങ്ങള്‍ക്ക് ശേഷം പൊളിച്ചുനീക്കല്‍ നടപടിക്ക് തുടക്കം
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് ഒരു തുടക്കം മാത്രം. മരട് വിഷയത്തിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന കാപ്പികോ റിസോര്‍ട്ടും പൊളിക്കാന്‍ നീക്കം. വേമ്പനാട് കായല്‍തീരത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന ചൂണ്ടിക്കാട്ടിയാണ് നടപടി. റിസോര്‍ട്ട് പൊളിക്കല്‍ സംബന്ധിച്ച് പാണാവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ തീരദേശ നിയമലംഘനങ്ങളും അറിയിക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ച സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാപ്പികോ റിസോര്‍ട്ടിനെതിരെ നടപടിയുമായി മുന്നോട്ട് പോകാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ആലപ്പുഴ സബ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
കാപ്പികോ റിസോര്‍ട്ട് പൊളിക്കാന്‍ 2013 ലാണ് ഹൈക്കോടതി ഉത്തരവിടുന്നത്. ഇതിനെതിരെ 2014 ഓഗസ്റ്റില്‍ സുപ്രിംകോടതി നല്‍കിയ താത്കാലിക സ്റ്റേ നീക്കാന്‍ ഇതുവരെ നടപടിയെടുത്തിരുന്നില്ല. വിഷയത്തില്‍ സര്‍ക്കാരും റിസോര്‍ട്ട് ഉടമകളും ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കാപ്പികോ റിസോര്‍ട്ടിനെതിരെ നടപടി ശക്തമാക്കുന്നത്. ഇതിനോടനുബന്ധിച്ച് നിലവിലെ ഉത്തരവ് നീക്കാന്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ ഇടക്കാല ഹര്‍ജി നല്‍കും. ഡിസംബര്‍ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.
തീരത്ത് നിന്ന് ഒരു മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് റിസോര്‍ട്ട് പണിതിരിക്കുന്നത്. 2013ല്‍ പണി പൂര്‍ത്തിയാക്കുമ്പോഴേക്കും കായല്‍ നിലം പൂര്‍ണമായും നികന്നിരുന്നു. സ്വകാര്യഭൂമിക്കൊപ്പം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും റിസോര്‍ട്ട് അധികൃതര്‍ കയ്യേറി ഒരു റിസോര്‍ട്ട് തന്നെ അവരുടെ അധീനതയിലാക്കി.
കാപ്പികോ റിസോര്‍ട്ടും തൊട്ടടുത്തുള്ള വൈറ്റില തുരുത്തിലെ വമിക റിസോര്‍ട്ടും പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവിടുന്നത് 2013 ലാണ്. റിസോര്‍ട്ട് മൂന്ന് മാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
എന്നാല്‍ റിസോര്‍ട്ട് പൊളിച്ചാല്‍ പരിസ്ഥിതി ആഘാതമുണ്ടാകുമെന്ന് സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയതോടെ റിസോര്‍ട്ട് പൊളിക്കും മുമ്പ് പരിസ്ഥിതി ാഘാത പഠനം നട്താന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. റിസോര്‍ട്ട് പൊളിച്ചുമാറ്റാമെന്ന് പഠന സമിതിയും അഭിപ്രായപ്പെട്ടതോടെയാണ് റിസോര്‍ട്ട് ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചത്.