കേരള സമാജം വിയന്നയുടെ പ്രഥമ കര്‍ഷക ശ്രീ അവാര്‍ഡ് ആന്റണി മാധവപ്പള്ളിക്കും, ജോസഫ് അലാനിക്കും

വിയന്ന: കേരള സമാജം അംഗങ്ങളായ കുടുംബങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ കര്‍ഷക ശ്രീ അവാര്‍ഡ് ആന്റണി മാധവപ്പള്ളിയും ജോസഫ് അലാനിയും തുല്യമായി പങ്കിട്ടു. ഓസ്ട്രിയയിലെ പ്രവാസി മലയാളികളില്‍ ഗൃഹാതുരത്തമുണര്‍ത്തുവാനും, ഉറങ്ങിക്കിടന്നിരുന്ന കാര്‍ഷിക താല്പര്യങ്ങളെ വിളിച്ചുണര്‍ത്തുവാനുവേണ്ടിയാണ് അവാര്‍ഡ്.

കോട്ടയം കല്ലറ സ്വദേശിയായ ആന്റണി മാധവപ്പള്ളിയും, പൂഞ്ഞാര്‍ സ്വദേശിയായ ജോസഫ് അലാനിയുമാണ് കേരള സമാജത്തിന്റെ പ്രഥമ അവാര്‍ഡ് കരസ്ഥമാക്കിയത്. രണ്ടുപേരും വര്‍ഷങ്ങളായി കുടുംബസമേതം വിയന്നയില്‍ ജീവിക്കുന്നവരാണ്.

രണ്ടാം സ്ഥാനത്തിന് ജോസ് കോലഞ്ചേരിയും, മൂന്നാം സ്ഥാനത്തിന് ഔസേപ്പച്ചന്‍ പേഴുംകാട്ടിലുമാണ് യോഗ്യരായത്. സെപ്റ്റംബര്‍ 22നു ഓണസദ്യയോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ കേരള സമാജം പ്രസിഡണ്ട് സാജു സെബാസ്‌ററ്യനും, മത്സരത്തിന്റെ കോര്‍ഡിനേറ്റര്‍ പാപ്പച്ചന്‍ പുന്നക്കലും ചേര്‍ന്ന് വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.

പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ പങ്കുചേര്‍ന്ന മത്സരം ഏറെ ശ്രദ്ധേയമായി. ഇനി മുതല്‍ എല്ലാവര്‍ഷവും കര്‍ഷക ശ്രീ അവാര്‍ഡ് നല്‍കാന്‍ പദ്ധതിയിടുന്നതായി കേരളസമാജത്തിന്റെ ഭാരവാഹികള്‍ അറിയിച്ചു.