വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയതായി നാസ

ഇന്ത്യ വിക്ഷേപിച്ച വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതായി നാസയുടെ റിപ്പോര്‍ട്ട്. ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനമായ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയതായി തെളിയിക്കുന്ന ചിത്രങ്ങളും നാസ ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ ക്യാമറയാണ് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ പതിച്ച ചിത്രങ്ങള്‍ എടുത്തത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ എവിടെയാണ് പതിച്ചതെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ചിത്രമാണ് നാസ പുറത്തു വിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 17 നാണ് റീകാനസിയന്‍സ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

മാത്രമല്ല, റീകാനസിയന്‍സ് ചിത്രങ്ങള്‍ പകര്‍ത്തിയ സമയത്ത് വെളിച്ചം കുറവായിരുന്നതിനാല്‍ നിഴലില്‍പ്പെട്ട് ചിത്രങ്ങള്‍ക്ക് വ്യക്തത കുറവ് നേരിട്ടിട്ടുണ്ട്. ഒക്ടോബര്‍ 14ന് നാസയുടെ ഓര്‍ബിറ്റര്‍ ഈ മേഖലയിലൂടെ ഒരിക്കല്‍ കൂടി സഞ്ചരിക്കും. അങ്ങനെയെങ്കില്‍ വിക്രം ലാന്‍ഡറിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായിരുന്ന ചന്ദ്രയാന്‍2 ദൗത്യം പൂര്‍ത്തീകരിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. സോഫ്റ്റ് ലാന്‍ഡിങാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാവാം എന്ന വിലയിരുത്തലിലാണ് നാസ എത്തിയത്. തുടര്‍ന്ന് ലാന്‍ഡറുമായി കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു എങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.