ഞാനും ഉടനെ കൊല്ലപ്പെടുമെന്ന് കൊല്ലപ്പെട്ട പോലീസ് ഓഫീസര്‍ സുബോദ് സിംഗിന്റെ ഭാര്യ

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോദ് സിംഗിന്റെ ഭാര്യ രജനിയാണ് അടുത്ത ദിവസങ്ങളില്‍ അവര്‍ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി വെളിപ്പെടുത്തിയത്.

കേസിലെ മുഖ്യപ്രതിയടക്കമുള്ള 33 പേര്‍ക്ക് കോടതി ജാമ്യമനുവധിച്ചതിന് പിന്നാലെയായിരുന്നു രജനിയുടെ ഈ തുറന്നു പറച്ചില്‍. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച നിയമ വ്യവസ്ഥയില്‍ താന്‍ വളരെയധികം അസ്വസ്ഥയാണെന്നും ഇതിനെക്കുറിച്ച് ആരോടാണ് പരാതിപ്പെടേണ്ടതെന്നും അവര്‍ ചോദിച്ചു.
രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച തന്റെ ഭര്‍ത്താവിന് നീതി ലഭിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്ക് ലഭിക്കുമെന്നും രജനി ചോദിക്കുന്നു.

പശുവിന്റെ പേരിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിലാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് സിംഗിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. 2018 ഡിസംബര്‍ മൂന്നിനായിരുന്നു ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണം നടന്നത്. ഇത് തടയുവാന്‍ എത്തിയ സുബോദ് സിംഗ് കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ ആസൂത്രിതമായ കൊലപാതകമാണ് നടന്നത് എന്ന് കുടുംബം ആദ്യമേ ആരോപണം ഉന്നയിച്ചിരുന്നു.

കേസിലെ ആറു പ്രതികളെ നേരത്തെ സെഷന്‍സ് കോടതി ജമ്യത്തില്‍ വിട്ടിരുന്നു. പുറത്തിറങ്ങിയ പ്രതികള്‍ക്ക് വന്‍സ്വീകരണം നല്‍കിയത് വിവാദമായിരുന്നു.