പാലായിലേത് ചോദിച്ച് വാങ്ങിയ തോല്‍വി എന്ന് പിജെ ജോസഫ്

പാലായില്‍ കേരളാ കോണ്‍ഗ്രസിനേറ്റത് ചോദിച്ച് വാങ്ങിയ തോല്‍വിയെന്ന് പിജെ ജോസഫ്. ചിഹ്നം മേടിക്കാതെ പോയതിന്റെ ഉത്തരവാദി ആരാണെന്നും കത്തയച്ചിരുന്നുവെങ്കില്‍ കൊടുക്കാമായൊരുന്നുവെന്നും പിജെ ജോസഫ് പറഞ്ഞു.

54 കൊല്ലം മാണി സാര്‍ പ്രതിനിധീകരിച്ച പാല മണ്ഡലത്തില്‍ യുഡിഎഫിന്റെയും ജയം അനിവാര്യമാണെന്ന് കരുതിയിരുന്നു. അത് എന്ത് കൊണ്ട് സാധിച്ചില്ലെന്ന് യുഡിഎഫ് പഠിക്കണമെന്നും പിജെ ജോസഫ് പറഞ്ഞു.

ഭരണഘടന ജോസ് കെ മാണി വിഭാഗം അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നതാണ് കേരള കോണ്‍ഗ്രസ് ഉണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണം. സ്റ്റേറ്റ് കമ്മിറ്റി വിളിച്ച് തീരുമാനിക്കാം എന്ന് ജോസ് വാശിപിടിച്ചു. നിയമവിരുദ്ധമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാത്തവരുടെ പേരില്‍ ഒപ്പിട്ട് തീരുമാനമെടുത്തുവെന്നും പിജെ ജോസഫ് പറയുന്നു.

ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിന് മുന്നില്‍ വച്ച ആവശ്യം ജയസാധ്യതയും, സ്വീകാര്യതയുമാണ്. ജോസ് വിഭാഗത്തില്‍ അര ഡസന്‍ ആളുകളെങ്കിലും തങ്ങള്‍ക്ക് സ്വീകാര്യനായിരുന്നു. വിവാദങ്ങളില്‍ നിന്നിരുന്നയാളെ സ്ഥാനാര്‍ഥിയാക്കി. എങ്കിലും പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറായാണ് തെരഞ്ഞെടുപ്പ് കണ്‍വെഷനു പോയത്. എന്നാല്‍ കണ്‍വെന്‍ഷനില്‍ കൂക്കുവിളിയും, പ്രതിച്ഛായയില്‍ ലേഖനവും ഉണ്ടായെന്ന് പിജെ ജോസഫ് പറഞ്ഞു.