വധഭീഷണി ; കോടതിയില്‍ ഹാജരാകാത്ത സല്‍മാന്‍ ഖാന് താക്കീത്
കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുന്ന നടന്‍ സല്‍മാന്‍ ഖാന് കോടതി വക താക്കീത്. തിരക്കിട്ട ജോലികളും, ബിഷ്‌ണോയ് സമുദായത്തില്‍ നിന്ന് നേരിടുന്ന ഭീഷണികളും കാരണമാണ് കോടതിയില്‍ ഹാജരാകാതെയിരുന്നതെന്ന് സല്‍മാന്റെ അഭിഭാഷകനായ മഹേഷ് ബോറ കോടതിയെ അറിയിച്ചു.
പഞ്ചാബ് സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ (സോപു) ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ കഴിഞ്ഞ ദിവസം സല്‍മാനെതിരെ വധഭീഷണി ഉയര്‍ന്നിരുന്നു. കൃഷ്ണ മൃഗത്തെ സംരക്ഷിക്കുകയും മൃഗങ്ങളെ ദൈവമായി കാണുകയും ചെയ്യുന്ന ബിഷ്‌ണോയ് സമുദായത്തിന്റെതായിരുന്നു ഭീഷണി.
സല്‍മാന്റെ ക്രോസ് മാര്‍ക്കിട്ട ചിത്രത്തിനൊപ്പം ഗാരി ഷൂട്ടര്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇത് കൂടി ചൂണ്ടിക്കാട്ടിയതോടെ സല്‍മാന്‍ സമര്‍പ്പിച്ച അപേക്ഷ കോടതി സ്വീകരിക്കുകയും വാദം കേള്‍ക്കല്‍ ഡിസംബര്‍ 19ലേക്ക് നീട്ടി വയ്ക്കുകയും ചെയ്തു.
സ്ഥിരമായുള്ള വാദം കേള്‍ക്കളില്‍ നിന്നും താരത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്റെ മറ്റൊരു അഭിഭാഷകനായ ഹസ്തിമല്‍ സരസ്വതും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
നേരിട്ട് ഹാജരായില്ലെങ്കില്‍ താരത്തിന്റെ ജാമ്യം റദ്ദാക്കുമെന്ന് കഴിഞ്ഞ ദിവസം ജോധ്പുര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ചന്ദ്രകുമാര്‍ സോഗാര അന്ത്യശാസനം നല്‍കിയിരുന്നു.
1998 സെപ്റ്റംബര്‍ 26,28 തിയ്യതികളിലാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്. 2007ല്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഒരാഴ്ച്ചക്ക് ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.
സംരക്ഷിത വനമേഖലയില്‍ അനധികൃതമായി കടന്നു, വംശനാശ ഭീഷണി നേരിടുന്ന മാനിനെ കൊലപ്പെടുത്തി, ലൈസന്‍സ് ഇല്ലാത്ത ആയുധം വേട്ടയ്ക്കായി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയിരിക്കുന്നത്.