വട്ടിയൂര്‍ക്കാവ് ; കുമ്മനത്തെ വെട്ടി സുരേഷ് സ്ഥാനാര്‍ഥി
നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തു.
ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ പുറത്താക്കി, യുവമോര്‍ച്ചാ നേതാവ് എസ് സുരേഷ് എന്‍ഡിഎയ്ക്കായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങും.
തുടക്കംമുതല്‍ മത്സരത്തിനില്ല എന്നാവര്‍ത്തിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കും. എറണാകുളത്ത് സി. ജി. രാജഗോപാലും അരൂരില്‍ കെ. പി. പ്രകാശ് ബാബുവും മഞ്ചേശ്വരത്ത് രവീശ തന്ത്രിയുമാണ് മത്സരിക്കുക.
കുമ്മനം രാജശേഖരന്‍, വി.വി. രാജേഷ്, എസ്. സുരേഷ് എന്നിവരുടെ പേരുകളാണു വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചിരുന്നത്. കൂടാതെ, മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍ ശനിയാഴ്ച കുമ്മനത്തിന്റെ സ്വാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രചാരണവും ആരംഭിച്ചിരുന്നു.
എന്നാല്‍ അവസാനനിമിഷം വി. മുരളീധരന്‍പക്ഷത്തിലെ ചില നേതാക്കള്‍ കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എതിര്‍പ്പുയര്‍ത്തി. ഇതേതുടര്‍ന്ന് മണ്ഡലത്തില്‍ ബിജെപിക്കു തിരഞ്ഞെടുപ്പു പ്രചാരണം നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയുമുണ്ടായി. പിന്നാലെയാണ് കുമ്മനത്തെ ഒഴിവാക്കിയുള്ള സ്ഥാനാര്‍ഥി പട്ടികയ്ക്കു ബിജെപി ദേശീയ തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നല്‍കുന്നത്.
ആദ്യം മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ആര്‍എസ്എസ് നേതൃത്വവും ശ്രീധരന്‍പിള്ള വിഭാഗവും ആവശ്യപ്പെട്ടതോടെ ‘പാര്‍ട്ടി പറഞ്ഞാല്‍’ മത്സരിക്കാമെന്ന നിലപാടിലേക്കു കുമ്മനം എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ നേതൃത്വം കുമ്മനത്തെ ഒഴിവാക്കി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത്.
വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കണമെന്ന പാര്‍ട്ടിയുടേയും ആര്‍എസ്എസിന്റെയും തീരുമാനം നടപ്പിലാക്കപ്പെടുമെന്നായിരുന്നു ഇന്ന് രാവിലെ വരെയും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ വട്ടിയൂര്‍ക്കാവിന്റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വം പുനഃപരിശോധന നടത്തുന്നതായി വാര്‍ത്തകള്‍ വന്നു. കുമ്മനത്തിന് പകരം മറ്റാരെയെങ്കിലും പരിഗണിച്ചേക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. സംസ്ഥാന ബിജെപി നേതാക്കളില്‍ ചിലര്‍ കേന്ദ്രത്തിന്റെ നീക്കം സ്ഥിരീകരിച്ചിരുന്നു.
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും വട്ടിയൂര്‍ക്കാവിലടക്കം അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നു.
വട്ടിയൂര്‍ക്കാവില്‍ മേയര്‍ വികെ പ്രശാന്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മുന്‍ എംഎല്‍എ വികെ മോഹന്‍ കുമാറിനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുവര്‍ക്കും ബദലായി ശക്തനായ നേതാവിനെ തന്നെ വേണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരനെ പരിഗണിച്ചിരുന്നതെന്നായിരുന്നു സൂചന.