തമിഴിനെ ഔദ്യോഗിക ഭാഷയാക്കാന്‍ മോദിയോട് ആവശ്യപ്പെട്ട് സ്റ്റാലിന്‍

തമിഴ് പ്രാചീന ഭാഷയാണെന്ന മോദിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ രംഗത്ത്.

പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ സ്റ്റാലിന്‍ തമിഴിനെ പ്രാചീന ഭാഷയായി അംഗീകരിച്ച സ്ഥിതിയ്ക്ക് തമിഴിനെ ഔദ്യോഗിക ഭാഷയാക്കാനും കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ ഭരണഭാഷ തമിഴ് ആക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

മദ്രാസ് ഐ.ഐ.ടിയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ചെന്നൈയില്‍ എത്തിയപ്പോഴാണ് മോദി തമിഴ് പ്രാചീനവും സമ്പന്നവുമായ ഭാഷയാണെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ തമിഴില്‍ സംസാരിച്ചുവെന്നും പറഞ്ഞത്. അമേരിക്കയില്‍ വെച്ച് താന്‍ തമിഴില്‍ പറഞ്ഞ വാക്കുകള്‍ അമേരിക്കയില്‍ തമിഴിനെ വലിയ ചര്‍ച്ചാവിഷയമാക്കി മാറ്റിയിരിക്കുകയാണെന്നും മോദി പറഞ്ഞു.

ഹിന്ദി ഭാഷാ വിവാദം രാജ്യത്ത് കടുത്ത പ്രതിഷേധങ്ങള്‍ തീര്‍ക്കുന്ന സമയത്താണ് മോദിയുടെ തമിഴ് ഭാഷയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വിവാദ പരാമര്‍ശം. തമിഴ്നാട്ടില്‍ രണ്ടു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെ നടത്തിയ മോദിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉന്നം വെച്ചിട്ടുള്ളതാണെന്നത് വ്യക്തമാണ്.