ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കല്‍ : മറുപടി നല്‍കാന്‍ സര്‍ക്കാരിന് 28 ദിവസ0

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370, 325 എ എന്നിവ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജസ്റ്റീസ് എന്‍.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവരാണു മറ്റു0ഗങ്ങള്‍.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേ 15 ഹര്‍ജികളാണു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. കൂടാതെ, കശ്മീര്‍ താഴ്വരയില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വ്യക്തിഗത ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിരുന്നു. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് 28 ദിവസത്തെ സമയമാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. ഹര്‍ജികള്‍ ഇനി നവംബര്‍ 14ന് പരിഗണിക്കും.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുഹമ്മദ് അക്ബര്‍ ലോണ്‍, ജമ്മു-കശ്മീര്‍ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ഹസ്‌നെയിന്‍ മസൂദി, മുന്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസല്‍, ആക്ടിവിസ്റ്റ് ഷെഹ്ല റാഷിദ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി ഈ വിഷയത്തില്‍ നോട്ടീസ് അയച്ചത്.