ബാറില്‍ പോകാറില്ല ; തന്റെ മനസ്സില്‍ കളങ്കമില്ല എന്ന് വഫാ ഫിറോസ്
ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമപ്രവര്‍ത്തന്‍ കെഎം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ടു വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് വഫ ഫിറോസ്. അപകടത്തെ തുടര്‍ന്ന് നിരവധി ആരോപണങ്ങളും വിവാദങ്ങളും ഇവര്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതോടെ വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഫിറോസ് വഫയ്ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. വക്കീല്‍ നോട്ടീസ് കിട്ടിയതിനു ശേഷം താന്‍ ഇതുവരെ റിയാക്ട് ചെയ്തില്ല എന്നും വഫ പറയുന്നു. വക്കീല്‍ നോട്ടീസിലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ വഫ.
തന്നെയും ഫിറോസിനെയും അറിയാത്തവര്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു വീഡിയോ ചെയ്യുന്നത് എന്ന് തുടങ്ങിക്കൊണ്ടാണ് വഫ വീഡിയോ ആരംഭിച്ചത്. തന്റെ വിവാഹത്തിന് ശേഷം കാണുന്ന വ്യക്തിയല്ല തനിക്ക് ഫിറോസ്. മൂന്നോ നാലോ വയസ്സ് മുതല്‍ ഫിറോസിനെ അറിയാമായിരുന്നു. ‘അങ്കിള്‍’ എന്നാണ് ഫിറോസിനെ വിളിച്ചിരുന്നത്. ഫിറോസും താനും തമ്മില്‍ 13 വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് വഫ പറയുന്നു.
അപകടം നടന്ന സംഭവത്തിന് ശേഷം ഫിറോസ് തന്നെയും കുഞ്ഞിനെയും വന്ന് കാണാന്‍ കൂട്ടാക്കിയില്ലെന്ന് വഫ വീഡിയോയില്‍ പറഞ്ഞു. തന്റെ ബന്ധുക്കളെ വിളിച്ച് തന്നെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കണമെന്നും പിന്തുണ നല്‍കണമെന്നും പറഞ്ഞിരുന്നുവെന്ന് വഫ പറയുന്നു. എന്നാല്‍ ഫിറോസ് നാട്ടില്‍വന്നതിന് ശേഷം തന്നോടുള്ള നിലപാടില്‍ മാറ്റമുണ്ടായി. പൊതുജനവും മാധ്യമങ്ങളും പറഞ്ഞ കാര്യങ്ങള്‍ ഒരു സാധാരണക്കാരന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കാര്യങ്ങളായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ അദ്ദേഹം അത് വിശ്വസിച്ചുവെന്നും വഫ പറയുന്നു.
തനിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്ന് അബോര്‍ഷനെ കുറിച്ചാണ്. മകള്‍ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ ഫിറോസാണ് തന്നെ ടിക്കറ്റെടുത്താണ് വഫയെ നാട്ടിലേക്ക് വിടുന്നത്. ഫിറോസിന്റെ ബിസിനസെല്ലാം വഫ കാരണമാണ് തകര്‍ന്നതെന്നായിരുന്നു മറ്റൊരു ആരോപണം. ജോര്‍ജ് എന്ന വ്യക്തിയുമായി ചേര്‍ന്നായിരുന്നു ഫിറോസിന്റെ ബിസിനസ്സ്. ബെഹറിനില്‍ ഷിയാ-സുന്നി പ്രശ്നങ്ങള്‍ നടന്നിരുന്നപ്പോഴാണ് ഫിറോസിന്റെ ബിസിനസ്സ് തകരുന്നതും അത് തന്റെ തലയില്‍ കെട്ടിവക്കരുതെന്നും വഫ പറയുന്നു.
വഫ ബാറില്‍ പോകുമെന്നും മദ്യപിക്കുമെന്നുമായിരുന്നു മറ്റൊരു ആരോപണം. താന്‍ ഒരിക്കല്‍ മാത്രമാണ് ഒരു ഡാന്‍സ് ബാറില്‍ പോയിട്ടുള്ളത് എന്നും എന്നാല്‍ അവിടത്തെ ബഹളവും മറ്റും കണ്ടു താന്‍ അവിടന്ന് ഇറങ്ങി പോയി എന്നും വഫ പറയുന്നു . ശ്രീറാം തന്റെ സുഹൃത്ത് മാത്രമാണെന്നും വഫ വീഡിയോയിലൂടെ പറയുന്നു. ഡ്രൈവിംഗ് തനിക്ക് വളരെ ഇഷ്ടമാണെന്നും അതുകൊണ്ടാണ് രാത്രി ഒന്നരയ്ക്ക് പോയതെന്നും വഫ പറയുന്നു. മനസ്സില്‍ കളങ്കമുണ്ടായിരുന്നെങ്കില്‍ മകളോട് യാത്ര പറഞ്ഞ് പോവില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വഫ വീഡിയോ അവസാനിപ്പിക്കുന്നത്.