ഭീകരാക്രമണ ഭീതി ; വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം
ഭീകരാക്രമണ ഭീതിയെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ നിന്നുമുള്ള ഭീകരര്‍ ഡല്‍ഹിയില്‍ എത്തി എന്നാണ് വിവരം ലഭിച്ചത്. ഇവരുടെ കയ്യില്‍ ശക്തിയേറിയ ആയുധങ്ങളാണ് ഉള്ളതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ പ്രത്യേക ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.
ഡല്‍ഹിയില്‍ നടത്തിയ തിരച്ചിലില്‍ സംശയാസ്പദമായി കണ്ട രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ 30 പ്രധാന നഗരങ്ങള്‍ക്കും വ്യോമസേനയ്ക്കും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യോമത്താവളങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധിതകളാണ് ഭീകരര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് അമൃത്സര്‍, പത്താന്‍ക്കോട്ട്, ശ്രീനഗര്‍, അവന്തിപൂര്‍ എന്നിവിടങ്ങളിലെ വ്യോമത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എട്ടിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനകളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്നത്. സൈന്യത്തിനെതിരെ ചാവേര്‍ ആക്രണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുകശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ക്ക് നേരെ ഭീകരര്‍ ആക്രമണത്തിന് ഒരുങ്ങുന്നതായും നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു.