ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി ; വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കാന്‍ കോടതിയുടെ അനുമതി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 17 വരെ നീട്ടി. ദല്‍ഹിയിലെ പ്രത്യേക കോടതിയാണ് അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ ചിദംബരം ജാമ്യത്തിന് ശ്രമിച്ചു എങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

അതേസമയം അദ്ദേഹത്തിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം ജയിലിലെത്തിക്കാന്‍ അനുമതി നല്‍കി. ദിവസവും രണ്ടുനേരമാണ് വീട്ടില്‍നിന്നുള്ള സസ്യഭക്ഷണം ചിദംബരത്തിനായി ജയിലില്‍ എത്തിക്കുക. ഇതിനുപുറമേ ചിദംബരത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതുപ്രകാരം ദിവസവും വൈദ്യപരിശോധന നടത്താനും കോടതി അനുവാദം നല്‍കി. ആരോഗ്യ നില മോശമാണെന്നും ജയിലിനുള്ളില്‍ നല്‍കുന്ന ഭക്ഷണം പിടിക്കാത്തതിനാല്‍ 4 കിലോഗ്രാം തൂക്കം നഷ്ടമായെന്നും മുന്‍ ധനമന്ത്രി പി. ചിദംബരം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പരാതിപ്പെട്ടിരുന്നു.

പി.ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സി.ബി.ഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ചിദംബരത്തെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണ് എന്നാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്. 2007ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐ.എന്‍.എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

ചിദംബരത്തിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്.