കൂടത്തായി കൂട്ടമരണം ; ജോളിയുടെ കൊലപാത രീതിയില്‍ ഞെട്ടി പോലീസും നാട്ടുകാരും
പതിനാലു വര്ഷം കൊണ്ട് ആറു കൊലപാതകം ഒരു സാധാരണ സ്ത്രീക്ക് ഇത്രമാത്രം ക്രിമിനല്‍ ബുദ്ധി ഉണ്ടാകുമോ എന്ന ഞെട്ടലിലാണ് പോലീസും നാട്ടുകാരും. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ജോളിയെ വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് വിവരങ്ങള്‍. ജോളിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ ജോളി ഉള്‍പ്പെടെ നാല് പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയ, പിതാവ് സ്‌കറിയ, സയനൈഡ് എത്തിച്ച ബന്ധു മാത്യു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കരുതി കൂട്ടിയുള്ള കൊലപാതകങ്ങളാണ് കൂടത്തായിയിലേതെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
സ്വത്ത് തട്ടിയെടുക്കുന്നതിനും തനിക്ക് ഇഷ്ടമുള്ളയാളിനെ വിവാഹം കഴിക്കുവാനുമാണ് ജോളി ഇത്തരത്തില്‍ കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് പോലീസ് അനുമാനിക്കുന്നു. ജോളിയുടെ ഭര്‍ത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകള്‍ അല്‍ഫോണ്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു എന്നിവരാണ് പന്ത്രണ്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു.
2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടര്‍ന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബര്‍ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അല്‍ഫോണ്‍സ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടര്‍ന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിച്ചു. സിലിയുടെ ഭര്‍ത്താവ് ഷാജു സ്‌കറിയക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച ജോളി അതിനായി ആറ് പേരേയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം ഫോറന്‍സിക് വിദഗ്ദ്ധര്‍ കല്ലറ തുറന്ന് പരിശോധിച്ചതോടെയാണ് രഹസ്യങ്ങളുടെ ചുരുളഴിയാവുന്ന തരത്തിലുള്ള തെളിവ് ലഭിച്ചത്. മൃതദേഹത്തില്‍ സൈനേഡിന്റെ സാന്നിധ്യം കണ്ടെത്തി. മരിച്ച ആറു പേരും മരിക്കുന്നതിനു തൊട്ടുമുമ്പ് ആഹാരം കഴിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഭക്ഷണത്തിലൂടെ വിഷം അകത്തുചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്.
മരിച്ച റോയിയുടെ സഹോദരന്‍ റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ പിതാവിന്റെ പേരിലുള്ള സ്വത്ത് റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് മാറ്റിയതായറിഞ്ഞു. ഇതില്‍ സംശയം തോന്നിയാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുന്നത്. റോജോയുടെ പരാതിയില്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മരണങ്ങളെല്ലാം കൊലപാതകമാവാമെന്ന സംശയമുയര്‍ന്നത്.
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച ടോം തോമസിന്റെ ഭാര്യയും അധ്യാപികയുമായിരുന്ന അന്നമ്മ 2002ല്‍ ആദ്യം മരിച്ചു. കുഴഞ്ഞുവീണായിരുന്നു മരണം. ആറ് വര്‍ഷത്തിനപ്പുറം ടോം തോമസും സമാനമായ രീതിയില്‍ മരിച്ചു. 2011ല്‍ ടോം തോമസിന്റെ മകന്‍ റോയി തോമസും ഇങ്ങനെ മരണപ്പെട്ടതോടെ ബന്ധുക്കളില്‍ സംശയങ്ങളുയര്‍ന്നു. റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. വിഷമുള്ളില്‍ ചെന്നതായിരുന്നു മരണമെന്ന കണ്ടെത്തിയെങ്കിലും അതില്‍ കൂടുതല്‍ അന്വേഷണമുണ്ടായില്ല. എന്നാല്‍ കാര്യങ്ങള്‍ അവിടെ തീര്‍ന്നില്ല. 2014ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ മരിച്ചു. 2016ല്‍ ബന്ധുവായ കോടഞ്ചേരി സ്വദേശിനിയും ഒരു വയസുള്ള കുഞ്ഞും മരണപ്പെട്ടു.
കൊലപാതകത്തിന് ശേഷം വ്യാജ ഒസ്യത്തെഴുതി കുടുംബത്തിന്റെ സ്വത്ത് മുഴുവന്‍ ജോളി കൈക്കലാക്കിയിരുന്നു. ഇതില്‍ രണ്ടേക്കര്‍ ഭൂമി വിറ്റു. ഇതിന്റെ പണം ചെലവാക്കിയ ഘട്ടത്തിലാണ് ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ ജോളിയുടെ ഇടപെടലില്‍ സംശയമുണ്ടായത്. പിന്നീട് താന്‍ ആഗ്രഹിച്ച പോലെ ഷാജുവിനെ ജോളി വിവാഹം കഴിക്കുകയും ചെയ്തു.
റോയിയുടെ സഹോദരന്‍ റോജോയുടെ ഇടപെടലാണ് കേസ് വീണ്ടും ഉയര്‍ന്നുവരാനും അന്വേഷണം ശരിയായ ദിശയില്‍ നീങ്ങാനും ഇടയായത്. അമേരിക്കയില്‍ നിന്ന് കഴിഞ്ഞ മാസമാണ് റോജോ നാട്ടിലെത്തിയത്. താമരശേരി പൊലീസില്‍ നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ മരണങ്ങളുടെയെല്ലാം വിശദാംശങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ഈ വിവരങ്ങളും തന്റെ സംശയങ്ങളും ഉള്‍പ്പെടെ ചേര്‍ത്ത് റൂറല്‍ എസ്പിക്ക് റോജോ പരാതി നല്‍കി. വടകര എസ്പിയായി കെ ജി സൈമണ്‍ ചാര്‍ജ് എടുത്തതോടെ കേസിന് വീണ്ടും ജീവന്‍വച്ചു. പല ഭാഗങ്ങളിലായി ചിതറിക്കിടന്ന തെളിവുകളെ ഒരുമിച്ച് ചേര്‍ത്തുള്ള അന്വേഷണമാണ് പിന്നീട് നടന്നത്.