ജോളി ബ്രില്യന്റ്’ ആയ കുറ്റവാളി ; ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു

കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളി ഒറ്റയ്ക്ക് ആറു കൊലപാതകങ്ങളും നടത്താന്‍ കഴിവുള്ള ബ്രില്യന്റ് ആയ കുറ്റവാളിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി സൈമണ്‍.

ഇതിനു തെളിവാണ് ഭര്‍ത്താവിനെ പോലും താന്‍ എന്‍ഐടി അധ്യാപികയാണെന്ന് തെറ്റിദ്ധരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ജ്വല്ലറി ജീവനക്കാരന്‍ മാത്യുവുമായി സാമ്പത്തിക കരാര്‍ ഉണ്ടാക്കിയോ എന്ന കാര്യവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെല്ലാത്തിനുമുപരി തങ്ങളുടെ അന്വേഷണത്തെ രഹസ്യമായി ജോളി പിന്തുടരുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍ പറഞ്ഞു.

കൊലപാതകം നടത്തുമ്പോള്‍ വളരെ ആസൂത്രിതമായി ജോളി ചെയ്ത കാര്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ട്. റോയി മരിച്ച് 16 മത്തെ ദിവസത്തിലെ അടിയന്തിര ചടങ്ങിനായി അടിച്ച കാര്‍ഡില്‍ ജോളി എന്‍ഐടി ലക്ചറര്‍ എന്നാണ് കുറിച്ചിരുന്നത്. എന്നാല്‍ ലക്ചററല്ലെന്നത് ഭര്‍ത്താവിനും കുടുംബത്തിനും പോലും അറിയില്ലെന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തിയെന്നും ഇതാണ് ജോളിയിലേയ്ക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജോളിയുടെ സ്വഭാവത്തിലുള്ള കുറെയധികം കാര്യങ്ങളും അന്വേഷണ സംഘം കുറിച്ചിരുന്നെന്നും കെ.ജി സൈമണ്‍ പറഞ്ഞു. മാത്രമല്ല ജോളി പലരോടും മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നുവെന്നും. ഇങ്ങനെയുള്ള 50 കാര്യങ്ങള്‍ നോട്ട് ചെയ്താണ് ഞങ്ങള്‍ ജോളിയെ വിളിച്ചതെന്നും കെ.ജി സൈമണ്‍ പറഞ്ഞു.

ചോദ്യം ചെയ്തപ്പോള്‍ സംശയം ബലപ്പെടുകയായിരുന്നുവെന്നും ചോദ്യങ്ങള്‍ക്ക് വളരെ ആലോചിച്ചാണ് ജോളി മറുപടി നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നുണപരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും ജോളി സഹകരിച്ചിരുന്നില്ലെന്നും ഇത് സംശയം ഒന്നുകൂടി ബലപ്പെടുത്താന്‍ സഹായിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി സൈമണ്‍ പറഞ്ഞു.

അതേസമയം ജോളി ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഇന്നലെ ജോളി ഉറങ്ങിയില്ലയെന്നും മാനസികാസ്വാസ്ഥത പ്രകടിപ്പിച്ചുവെന്നും ജയില്‍ ജീവനക്കാര്‍ പറഞ്ഞു. അതിനെതുടര്‍ന്ന് ജോളിയെ അധികൃതര്‍ പ്രത്യേകം നിരീക്ഷിച്ചു വരുന്നുണ്ട്.