ജോളിക്ക് രാഷ്ട്രീയ സഹായം ലഭിച്ചിരുന്നു ; സി.പി.ഐ.എം- ലീഗ് നേതാക്കള്‍ ജോളിയെ സഹായിച്ചെന്ന തെളിവുകള്‍ ക്രൈംബ്രാഞ്ചിന്
കൂടത്തായി കൊലപാതക കേസിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്ക് വ്യാപിക്കുന്നു. ജോളിക്ക് രാഷ്ട്രീയ നേതാക്കളുമായുള്ള പണമിടപാട് രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുന്നത്. പ്രാദേശിക മുസ്ലിം ലീഗ് നേതാവും സിപിഐഎം നേതാവുമാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍ ഉള്ളത്. ഇരുവരുമായും പണമിടപാട് നടത്തിയതിന്റെ രേഖകളാണ് പൊലീസിന് ലഭിച്ചത്. ഇവരെ വൈകാതെ വീണ്ടും ചോദ്യം ചെയ്യും.
സി.പി.ഐ.എം നേതാവ് ജോളിയില്‍ നിന്നും ഒരുലക്ഷം രൂപയുടെ ചെക്ക് വാങ്ങിയതിന്റെ രേഖകളും ലീഗ് നേതാവ് ജോളിക്കൊപ്പം ബാങ്കിലെത്തുന്നതിന്റെ ദൃശ്യങ്ങളുമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
വ്യാജ വില്‍പത്രത്തില്‍ സാക്ഷിയായി ഒപ്പിട്ടതും സി.പി.ഐ.എം നേതാവാണ്. സ്വത്ത് മാറ്റാന്‍ സഹായം ചെയ്തത് കോഴിക്കോട് സ്വദേശിനിയായ വനിതാ തഹസില്‍ദാര്‍ ആണ്. ഇതിന് ഇടനിലക്കാരനായി നിന്നത് ലീഗ് നേതാവാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. തഹസില്‍ദാരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
വ്യാജ വില്‍പത്രമുണ്ടാക്കാന്‍ സഹായിച്ചത് സംബന്ധിച്ചു നടത്തിയ അന്വേഷണത്തില്‍ സഹായിച്ചവര്‍ പ്രദേശവാസികളല്ല എന്നു കണ്ടെത്തിയുരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് രാഷ്ട്രീയ പ്രവര്‍ത്തകരിലേക്ക് എത്തിയത്. സി.പി.ഐ.എം പ്രാദേശിക നേതാവ് കുന്ദമംഗലം മേഖലയിലെ പ്രവര്‍ത്തകനാണ്. സാക്ഷിയായി ഒപ്പിട്ടതിന്റെ പ്രതിഫലമായാണ് ജോളിയില്‍ നിന്നും ഒരുലക്ഷം രൂപ കൈപ്പറ്റിയത്.
ലീഗ് നേതാവ് ജോളിയുമായി ബാങ്കില്‍ ചെന്നു പണമിടപാടുകളില്‍ സഹായിച്ച ശേഷം തഹസില്‍ദാര്‍ വഴി സ്വത്തുക്കള്‍ ജോളിയുടെ പേരിലാക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. സിപിഐഎം പ്രാദേശിക നേതാവ് ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ടു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ ഇടപെടുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്ന മുസ്ലിം ലീഗ് നേതാവിന് ജോളിയുമായും വീടുമായും ബന്ധമുണ്ടായിരുന്നു. ചില ഘട്ടത്തില്‍ ഇയാള്‍ക്ക് ജോളി സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഓമശ്ശേരി പഞ്ചായത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് പ്രാദേശിക മുസ്ലിം ലീഗ് നേതാവ്. റോജോയുമായി ഈ മുസ്ലിം ലീഗ് നേതാവ് വാക്കേറ്റം ഉണ്ടായതായി വെളിപ്പെടുത്തലുണ്ട്.
കഴിഞ്ഞ ദിവസം കേരളാ പൊലീസിന്റെ സി ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ ജോളിയുടെ വീട്ടില്‍ നിന്ന് അമ്പതിനായിര രൂപയുടെ ഒരു ചെക്ക് കണ്ടെടുത്തിരുന്നു. സിപിഐഎം പ്രാദേശിക നേതാവിന്റെ ചെക്ക് ആയിരുന്നു ഇത്. ഒരാഴ്ച മുമ്പ് ഈ പ്രാദേശിക നേതാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ജോളി ഇയാളെ സന്ദര്‍ശിച്ചിരുന്നു. പൊലീസ് ചോദിച്ചത് ഒസ്യത്തിനെ കുറിച്ചാണെന്ന് അന്ന് സിപിഐഎം പ്രാദേശിക നേതാവ് ജോളിയോട് വെളിപ്പെടുത്തിയിരുന്നു.