ലോകവ്യാപകമായി സാമ്പത്തിക മാന്ദ്യം , ഇന്ത്യയില്‍ സ്ഥിതി രൂക്ഷമെന്ന് ഐഎംഎഫ്

സാമ്പത്തിക മാന്ദ്യം ആഗോളവ്യപകമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ പുതിയ മേധാവി ക്രിസ്റ്റലീന ജോര്‍ജിവ. ചുമതല ഏറ്റെടുത്ത ശേഷം ഐഎംഎഫ് ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അവര്‍. ലോകത്തിലെ 90% രാജ്യങ്ങളിലും 2019ല്‍ വന്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്നാണ് ക്രിസ്റ്റലീന ജോര്‍ജിവ നല്‍കുന്ന മുന്നറിയിപ്പ്.

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയടക്കമുള്ള വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായി പ്രധാനമായും ഇവര്‍ കുറ്റപ്പെടുത്തുന്നത് അമേരിക്ക-ചൈന വ്യാപാര യുദ്ധമാണ്. വ്യാപാര യുദ്ധം എല്ലാവര്‍ക്കും നഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ എന്നവര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ, ബ്രെക്സിറ്റ് തര്‍ക്കങ്ങളും അനിശ്ചിതത്വത്തിന് കാരണമായി.

വ്യാപാര യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയില്‍ 70,000 കോടി ഡോളറിന്റെ നഷ്ടമാണ് വരുന്ന വര്‍ഷം ഉണ്ടാക്കുക. ഇത് ആഗോള ജി.ഡി.പിയുടെ 0.8% വരും. ആഗോള മാന്ദ്യത്തിന് കാരണ0 വ്യാപാര യുദ്ധം മാത്രമല്ല എങ്കിലും അതിന്റെ പ്രത്യാഘാതം വളരെനാള്‍ നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും ക്രിസ്റ്റലീന ചൂണ്ടിക്കാണിച്ചു. ആഗോളവ്യാപകമായ സാമ്പത്തിക മാന്ദ്യം അര്‍ഥമാക്കുന്നത് ഈ വര്‍ഷത്തെ വളര്‍ച്ച, ദശകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കുമെന്നാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.

വളര്‍ന്നുവരുന്ന വലിയ വിപണികളായ ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാന്ദ്യം പ്രകടമാണ്. അമേരിക്കയിലും ജര്‍മനിയിലും തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാല്‍ യൂറോ സോണ്‍, യുഎസ്, ജപ്പാന്‍ തുടങ്ങിയ വികസിത സമ്പദ്വ്യവസ്ഥകളില്‍ മാന്ദ്യം അത്ര പ്രകടമല്ലെന്നും അവര്‍ പറഞ്ഞു. ചൈനയുടെ വളര്‍ച്ചയും ക്രമേണ താഴേയ്ക്കാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ചതിലും ഏറെ ദുര്‍ബലമാണെന്ന് ഐഎംഎഫ് മുന്‍പേ പ്രസ്താവിച്ചിരുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ (ജിഡിപി) വന്‍ ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച്% മായി ജിഡിപി കൂപ്പുകുത്തിയിരുന്നു. വ്യവസായ ഉല്‍പാദന മേഖലയിലെ മാന്ദ്യവും കാര്‍ഷിക മേഖലയിലെ പിന്നോക്കാവസ്ഥയുമാണ് രാജ്യത്തിന്റെ ത്രൈമാസ ജിഡിപി വളര്‍ച്ചയെ പിന്നോട്ടടിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 8% വര്‍ദ്ധനവ് ഉണ്ടായിരുന്നു.