കേരള ബാങ്കിന് ആര്‍ബിഐ അനുമതി
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കേരളാ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകും. കേരള ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കി. 14 ജില്ലാ ബാങ്കുകളേയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാകും കേരള ബാങ്ക് രൂപീകരിക്കുക.
വലിയ പ്രതിസന്ധികളും നിയമപ്രശ്‌നങ്ങളും മറികടന്നാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാന കടമ്പ സര്‍ക്കാര്‍ കടന്നത്. ബാങ്ക് രൂപീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി റിസര്‍വ് ബാങ്ക് അംഗീരിച്ചതോടെയാണ് അവസാന കടമ്പയും സര്‍ക്കാര്‍ കടന്നത്.
കേരള ബാങ്കിന് അനുകൂലമായി 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയെങ്കിലും മലപ്പുറം ജില്ലാ ബാങ്ക് എതിര്‍ത്തു. ഇത് മറികടക്കാനാണ് കേവല ഭൂരിപക്ഷത്തില്‍ പ്രമേയം പാസാക്കിയാല്‍ മതിയെന്ന ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്.
കേരള ബാങ്കുമായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചതോടെ ഇതെല്ലാം തീരുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍.
സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളേയും സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ച് അതിനെ കേരള ബാങ്കായി പുനര്‍നാമകരണം ചെയ്യാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി.
അതേസമയം, നടപടിക്രമങ്ങള്‍ ഇനിയും ഏറെ ഉള്ളതിനാല്‍ കേരളപ്പിറവി ദിനത്തില്‍ ബാങ്ക് നിലവില്‍ വരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്തായാലും, കേരള സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി കേരളബാങ്ക് പ്രവര്‍ത്തനമാരംഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്ബിഐയില്‍ ലയിപ്പിച്ചതോടെയാണ് സംസ്ഥാനത്തിന് ഒരു ബാങ്കെന്ന നിലയില്‍ കേരള ബാങ്ക് എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആവശ്യമായ വായ്പകള്‍ക്കടക്കം കേരള ബാങ്കിനെ ആശ്രയിക്കാമെന്നതാണ് നേട്ടം. അധികാരമേറ്റ ഉടനെ കേരള ബാങ്കിന്റെ അനുമതിക്കായി സര്‍ക്കാര്‍ ആര്‍ബിഐയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഒരു ലക്ഷം കോടി രൂപ പ്രാഥമിക മൂലധനത്തില്‍ ബാങ്ക് സുഗമമായി മുന്നോട്ട് പോകുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് പ്രാഥമിക അനുമതി നല്‍കിയെങ്കിലും യാഥാര്‍ത്ഥ്യമാകാന്‍ നിരവധി കടമ്പകളാണ് കടക്കേണ്ടിയിരുന്നത്.